പെരിയ : വിശ്വ സംഗീത ദിനത്തില്‍ കാസര്‍കോട് ജില്ലയ്ക്ക് ഏറെ അഭിമാനമായി വളര്‍ന്നു വരുന്ന ബേക്കല്‍ ഗോകുലം ഗോശാലയെ സ്മരിക്കാതെ ഇരിക്കാനാവില്ല. കേവലം നാലു വര്‍ഷം എന്ന ചുരുങ്ങിയ കാലയളവില്‍ ലോകത്തുള്ള കര്‍ണ്ണാടിക് ഹിന്ദുസ്ഥാനി സംഗീതജ്ഞരുടെ ഏറ്റവും ഇഷ്ടപ്പെട്ട വേദിയായി ഗോശാലയിലെ നന്ദി മണ്ഡപം മാറി കഴിഞ്ഞു. 2021 ലെ ദീപാവലി സമയത്ത് 3 ദിവസം നീണ്ടു നില്ക്കുന്ന സംഗീതാരാധനയോടെ തുടങ്ങി ഇന്ന് പത്ത് ദിവസം രാവിലെ 9 മുതല്‍ രാത്രി പത്ത് വരെ നീണ്ടു നില്ക്കുന്ന ദേശീയ ദീപാവലി സംഗീതോത്സവമായി മാറി. കര്‍ണ്ണാക സംഗീതത്തിലെ മുടിചൂടാമന്നന്മാരായി വിളങ്ങുന്ന പത്മവിഭൂഷണ്‍ എല്‍ സുബ്രഹ്മണ്യം , സംഗീത കലാനിധി ലാല്‍ഗുഡി ജി. ജെ. ആര് . കൃഷ്ണന് , മല്ലാഡി സഹോദരങ്ങള്‍, പട്ടാഭിരാമ പണ്ഡിറ്റ്, കന്യാകുമാരി, എമ്പാര് കണ്ണന്, പ്രിന്‍സ് വര്‍മ്മ, വീണ അനന്ത പത്മനാഭന് തുടങ്ങിയവരും യുവ പ്രതിഭകളായ വൈഷ്ണവി ആനന്ദ്, അപര്‍ണ്ണ ശര്‍മ്മ, ജെ. ജയന്ത്, ചെങ്കോട്ടെ ഹരിഹര സുബ്രഹമണ്യം , ശിവശ്രീ സ്കന്ദ പ്രസാദ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കലാകാരന്മാരും വയലിന് പ്രതിഭാസം ഗംഗാമോള് എന്ന പിഞ്ചു കലാകാരിയും നന്ദി മണ്ഡപത്തില്‍ നാദാര്‍ച്ചന നടത്തിയവരാണ്.
എല്ലായിടത്തും ആസ്വാദകര്‍ക്കായി കച്ചേരി നടക്കുന്നുവെങ്കില്‍ ഗോക്കള്‍ക്കായുള്ള സംഗീതാര്‍ച്ചനയാണ് ഇവിടുത്തെ വിശേഷത.
തുടക്കത്തില്‍ ശുഷ്കമായ സദസ്സിലായിരുന്നു കച്ചേരികളെങ്കിലും ഇന്ന് തിങ്ങി നിറഞ്ഞ സദസ്സിലാണ് ദീപാവലി സംഗീതോത്സവം നടക്കുന്നത്. തമിഴ്നാട്ടിലെ തിരുവയ്യാര്‍ സംഗീതം കൊണ്ട് ലോക പ്രസിദ്ധിയാര്ജ്ജിച്ചെങ്കില് കേരളത്തിലെ തിരുവയ്യാര്‍ എന്ന പേരില്‍ ഇന്ന് പെരിയയുടെ ഗോശാല അറിയപ്പെടുകയാണ്. സംഗീതം കൊണ്ട് പെരിയ ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോള്‍ ഇതിന്റെ പിന്നണിയില്‍ വിഷ്ണുപ്രസാദ് ഹെബ്ബാര്‍ നാഗരത്ന ദമ്പതികളുടെ അക്ഷീണമായ പ്രയത്നത്തെയും നാം ഓര്‍ക്കേണ്ടതുണ്ട്. സംഗീതം ഇന്ന് രോഗശമനത്തിനായി മ്യൂസിക് തെറാപ്പി എന്ന നിലയിലും അംഗീകരിക്കപ്പെടുമ്പോള്‍ മനുഷ്യനിലും മൃഗങ്ങളിലും പ്രകൃതിയിലും സംഗീതം കാര്യമായ ചലനങ്ങളുണ്ടാക്കുന്നു എന്ന് ഹെബ്ബാര്‍ ദമ്പതികള്‍ സ്വന്തം അനുഭവത്തില്‍ നിന്നും സാക്ഷ്യപ്പെടുത്തുന്നു.
