കാസര്‍കോട്: സംസ്ഥാന സര്‍ക്കാരും രാജ്ഭവനും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലുണ്ടായിരുന്ന ഭാരതമാതാവിന്റെ ഛായാചിത്രത്തെ കാവിക്കൊടിയേന്തിയ വനിതയുടെതാണെന്ന മന്ത്രി ശിവന്‍കുട്ടിയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ സ്ത്രീവിരുദ്ധത – സങ്കുചിത മനോഭാവത്തിന്റെ തെളിവാണ്. വിദേശത്ത് ഉദ്ഭവം കൊണ്ട കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഭാരതാംബ എന്നല്ല നമ്മുടെ രാജ്യത്തെ ഒരു മാനബിന്ദുക്കളെയും ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. 1947-ല്‍ ഭാരതത്തെ 18 ആയി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാതന്ത്ര്യദിനത്തില്‍ കരിദിനം ആചരിച്ചവരാണ് കമ്മ്യൂണിസ്റ്റുകള്‍. കമ്മ്യൂണിസം അവശേഷിക്കുന്ന അവസാനത്തെ സംസ്ഥാനമായ കേരളത്തിലെ ജനങ്ങളും വിഭജന – വിഘടന – ഭാരത വിരുദ്ധ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ തള്ളിക്കളയുന്ന കാലം വിദൂരമല്ല. ഭരണനേട്ടങ്ങള്‍ ഒന്നും പറയാനില്ലാത്തതിനാലും വിവിധ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും പിണറായി സര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണ് ഭാരതാംബ വിവാദമെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു.
