കാഞ്ഞങ്ങാട്: കൊട്ടിയൂര്‍ ദര്‍ശനത്തിന് പോയി ബാവലിപ്പുഴയില്‍ കാണാതായ ചിത്താരി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ചിത്താരി, മീത്തല്‍ വീട്ടില്‍ ചന്ദ്രന്റെ മകന് ജിത്തു എന്ന അഭിജിത്ത് (30) ന്റെ മൃതദേഹമാണ് ഇന്ന് ഉച്ചയോടെ വാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായി കണ്ടെത്തിയത് . പുഴയില്‍ നിന്നും ഡിവൈഎഫ് ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ്
പുഴക്കടവില്‍ തങ്ങി നില്‍ക്കുകയായിരുന്ന അഴുകിയ മൃതദേഹം കണ്ടെത്തിയത്. കൊട്ടിയൂരില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെയാണ് ഈ സ്ഥലം. പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് പുഴയില്‍ നിന്നും മൃതദേഹം കരക്കെത്തിച്ചു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്സ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി
തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ വീട്ടിലെത്തിക്കും. ശനിയാഴ്ച വൈകിട്ടാണ് ചാമുണ്ഡിക്കുന്ന്, പൊയ്യക്കര പ്രദേശത്തെ 21 യുവാക്കള്‍ കൊട്ടിയൂര്‍ സന്ദര്‍ശനത്തിന് പോയത്. ഞായറാഴ്ച രാവിലെ 5.30 മണിയോടെ
കൊട്ടിയൂര്‍ അമ്പലത്തിന് സമീപത്തെ പുഴയില്‍ കുളിക്കുന്നതിനിടയിലാണ് അഭിജിത്തിനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. കഴിഞ്ഞ മൂന്ന് ദിവസമായി അഗ്നിരക്ഷാ സേനയും നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയും തിരച്ചിലിനെ ബാധിച്ചിരുന്നു. ഇലക്ട്രീഷ്യന് ജോലി ചെയ്തു വരികയായിരുന്നു. അഭിജിത്ത്. മാതാവ്: പരേതയായ ഭാരതി. സഹോദരി: അഭിത ചന്ദ്രന്.
