കാഞ്ഞങ്ങാട്:നഗരത്തില്‍ ഗതാഗത പരിഷ്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭാ തല ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച തീരുമാനങ്ങളൊന്നും ഒന്നും ഇതേവരെ നടപ്പാക്കിയിട്ടില്ല,ഉപഭോക്താക്കള്‍ക്ക് വ്യാപാര സ്ഥാപനങ്ങളിലേക്കെത്താനും ഇടപാടുകള്‍ നടത്താനും ഇപ്പോള്‍ സാധ്യമാവുന്നില്ല.കടകള്‍ക്ക് മുമ്പില്‍ നിര്‍ത്തിയിടുന്ന ഇടപാടുകാരുടെ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുകമാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. റഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കി ഗതാഗത പരിഷ്കരണം യാഥാര്‍ത്ഥ്യമാക്കണമെന്ന് കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് ( കെ എം എ ) വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.അനാവശ്യമായി ഉപഭോക്താക്കളില്‍ നിന്നും പിഴ ഈടാക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് യോഗം ഉല്‍ഘാടനം ചെയ്തു.വ്യാപാരികള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സംഘടന ഒറ്റക്കെട്ടായി മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു.
വ്യാപാരി സാമൂഹ്യ സുരക്ഷ പദ്ധതി പ്രകാരം മരണപ്പെട്ട കുടുംബത്തിനുള്ള അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ജില്ല പ്രസിഡണ്ട് നല്കി.
പ്രസിഡണ്ട് സി.കെ.ആസിഫ് അദ്ധ്യക്ഷം വഹിച്ചു.ജനറല്‍ സെക്രട്ടറി ഐശ്വര്യ കുമാരന് സ്വാഗതം പറഞ്ഞു.സെക്രട്ടറി പി.വി.അനില്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഹാസി ഫ് മെട്രോ കണക്കുകളും അവതരിപ്പിച്ചു.ഗിരീഷ് നായക്, കെ.ജെ.സണ്ണി,മാഹിന്‍ കോളിക്കര, ഹംസ പാലക്കി,സി.യൂസഫ് ഹാജി,ഷെരീക് കമ്മാടം, ശോഭന ബാലകൃഷ്ണന്,ഷീജ മോഹനന്,എച്ച്.ഇ.സലാം, എ.ബാബുരാജ്,നിത്യാനന്ദ നായക്,സമീര്‍ ഡിസൈന്‍, ഷെരീഫ് ഫറേയിം,ശറഫുദ്ദീന്‍,ഫൈസല്‍ സൂപ്പര്‍, പി.മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. ലോകം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് യോഗ നടപടികള്‍ ആരംഭിച്ചത്. വ്യാപാരികളായ പാണ്ഡുരംഗ പൈ,കെ.എച്ച്.മുഹമ്മദ് കുഞ്ഞി,ശ്യാമള,കൃഷ്ണന് മമ്മീസ്,പി.വി.ഗുരുദാസ് എന്നിവരുടെ നിര്യാണത്തിലും യോഗം അനുശോചിച്ചു.
