തൃക്കരിപ്പൂര്‍ : ഒരു കാലത്ത് വലിയപറമ്പിന്റെ മിന്നുന്ന താരവും കേരള ഫുട്ബോള്‍ അസോസിയേഷന്റെ അംഗീകൃത റഫറിയും പൊതുപ്രവര്‍ത്തകനുമായ ടി.കെ. അനില്‍ കുമാറിന്റെ ചികിത്സക്ക് കൈത്താങ്ങായി ‘ഹാപ്പി ക്രൂയിസ്’ ഹൗസ് ബോട്ട് ഉടമകളുടെ മാതൃക.
സ്വകാര്യ ബസുകള്‍ കാരുണ്യയാത്ര നടത്തി ചികിത്സക്ക് പണം സ്വരുപിച്ച് നല്‍കുന്നത് പോലെ ഇതാദ്യമായി ഹൗസ് ബോട്ട് കായലില്‍ ഇറക്കി കാരുണ്യയാത്ര നടത്തിയാണ് ബോട്ട് ഉടമകള്‍ ശ്രദ്ധനേടിയത്.
കെ.ജി.എം വലിയപറമ്പിന്റെ സജീവ പ്രവര്‍ത്തകനായ അനില്‍കുമാര്‍ അഞ്ച് വര്‍ഷമായി അര്‍ബുദ രോഗബാധിതനായി ചികിത്സയിലാണ്.51 കാരനായ ഇദ്ദേഹത്തിന്റെ ചികിത്സക്കായി ലക്ഷകണക്കിന് രൂപ വേണ്ടിവരുമെന്നാണ് പറയുന്നത്. ഒരു മാസം ഒന്നര ലക്ഷം രൂപയുടെ മരുന്നുകള്‍ കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഇനി ചിലവ് ചെയ്യാന്‍ ഒരു രൂപ പോലും എടുക്കാന്‍ ഇല്ലാത്ത അവസ്ഥയില്‍ ആണ് സഹായം സ്വരൂപിക്കാന്‍ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങിയത്.
നിര്‍ദ്ധന കുടുംബമായ വലിയപറമ്പിലെ കുമാരന്റെയും ടി.കെ മാധവിയുടെയും മകനാണ്. പി.വി സുനിതയാണ് ഭാര്യ. ജന്മനാ അസുഖ ബാധിതനായ ഏക മകന്‍ അഭിജിത് 21 വര്‍ഷമായി വീല്‍ചെയറിലാണ് ജീവിക്കുന്നത് എന്നതും കുടുംബത്തിന്റെ മറ്റൊരു സങ്കടമാണ്. ക്ലബ് സെക്രട്ടറിയും തറവാട് സെക്രട്ടറിയും ജനകീയ പ്രവര്‍ത്തകനുമായിരുന്ന അനില്‍കുമാര്‍ തീരദേശവാസികള്‍ക്ക് പ്രീയങ്കരനായിരുന്നു.സന്തോഷവും സങ്കടവും പകര്‍ന്ന കായലിലെ കാരുണ്യയാത്രയില്‍ സമാഹരി അര ലക്ഷം രൂപ ഭാരവാഹികള്‍ അനില്‍കുമാറിന്റെ കുടുംബത്തിന് കൈമാറി.മടങ്ങില്‍ എം. സജേഷ് അധ്യക്ഷത വഹിച്ചു. ചികിത്സാ സമിതി കോ ഓഡിനേറ്റര്‍ ഖലീഫ ഉദിനൂര്‍, എന്‍.പി തമ്പാന്‍, കെ.ബാലന്‍, പി. പി അശോകന്‍, കെ.വി ഹരിദാസ്, സി. രാജു, സി.കുമാരന്‍, കെ.എം രാജേഷ് കുമാര്‍, പി.പി. സോമന്‍, കെ.വി സജിത്ത്, എം. പ്രിലീപ്, എ.ബിജു, എം. രാമചന്ദ്രന്‍, ടി.പി ഉഷ, കെ.വി ബാബുരാജന്‍, ഉദിനൂര്‍ സുകുമാരന്‍, സുധീരന്‍ മയ്യിച്ച, ഉറുമീസ് തൃക്കരിപ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.
