നീലേശ്വരം: നേരത്തേയെത്തിയ കാലവര്‍ഷത്തില്‍ ദുരിതത്തിലായ മടിക്കൈയിലെ നേത്രവാഴ കര്‍ഷകര്‍കരുടെ തോട്ടങ്ങള്‍ ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ദിവസങ്ങളായി കനത്തുപെയ്ത മഴയിലും കാറ്റിലും വാഴകള്‍ പകുതിയും ഒടിഞ്ഞുവീണെങ്കിലും ബാക്കിയായത് വെള്ളം കെട്ടി നിന്ന് വാഴകള്‍ പഴുത്തുണങ്ങി നിലംപൊത്തുകയാണ്. വെള്ളമിറങ്ങി വെയില് വന്നതോടെയാണ് വാഴകളുടെ ഇലകള്‍ മുഴുവന്‍ പഴുത്ത് വാഴകള്‍ ഒടിഞ്ഞു വീഴാന്‍ തുടങ്ങിയത്. ഇടവേളയ്ക്ക് ശേഷം കാലവര്‍ഷം വീണ്ടുമെത്തിയതോടെ പ്രതീക്ഷകള്‍ മുഴുവന്‍ നഷ്ടമായ കര്‍ഷകര്‍ നിരാശയിലാണ്. കാസര്‍കോടിന്റെ വാഴത്തോട്ടമായ മടിക്കൈ പഞ്ചായത്തിലെ കണിച്ചിറ, മണക്കടവ്, അലൈ കല്ലിങ്കില്‍ എന്നിവിടങ്ങളിലാണ് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സന്ദര്‍ശനം നടത്തിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ പി കെ സ്മിതാ നന്ദിനി, എഡിഎ – പി വി ആര്‍ജിത, പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, വൈസ് പ്രസിഡന്റ് വി പ്രകാശന്, വാര്‍ഡ് അംഗങ്ങളായ ടി രാജന്, കെ വി പ്രമോദ്, മടിക്കൈ കൃഷി ഓഫീസര്‍ സി പ്രമോദ്കുമാര്‍, കൃഷി അസിസ്റ്റന്റുമാരായ പി വി നിഷാന്ത്, സജിത മണിയറ, സി പി ഐ എം അമ്പലത്തുകര ലോക്കല്‍ സെക്രട്ടറി ഒ കുഞ്ഞികൃഷ്ണന്, മടിക്കൈ ലേക്കല്‍ സെക്രട്ടറി കാഞ്ഞിരക്കാല്‍ പ്രഭാകരന് തുടങ്ങിയവരാണ് കൃഷി നാശം സംഭവിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.
മണക്കടവില്‍ 500 വാഴകള്‍ പൂര്‍ണ്ണമായും നഷ്ടമായ പുതിയ പറമ്പത്ത് ദാമോദരന്റെ കൃഷിയിടവും, കന്നാടത്ത് ചന്ദ്രന്, ചന്ദ്രന് കായക്കീല്‍, ഷൈജു നീരളി, രാജേഷ് നീരളി, നാരായണന് മതിരക്കോട്ട്, യശോദ കാക്കക്കീല്, ആലൈയില്‍ ഷൈല കുണ്ടേന, ഭാര്‍ഗവി പുളിക്കാല്‍, പാലാപ്പാടി ബാബു, ഷാജു, കരുവക്കാല്‍ രാജന്, ഉഷ കരുവക്കാല്‍, നാരായണല്‍ കല്ലിങ്കില്‍, വിജയന് ആലൈ, വസന്തന് കല്ലിങ്കില്‍, ഇന്ദിര, ഉമേശന്, ബാലന്, ഭാസ്കരന് ,അശോകന് പൊറോലി, ഗംഗന് കുണ്ടേന തുടങ്ങിയവരുടെ കൃഷിയിടങ്ങളും സന്ദര്‍ശിച്ചു. മൂപ്പെത്താത്ത കുലകള്‍ സഹകരണ സംഘങ്ങളിലൊ മൊത്ത കച്ചവടക്കാരോ വാണുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജൂണ്‍ പകുതിയാകുമ്പോഴേക്കും വിളവെടുപ്പ് കഴിഞ്ഞിരുന്നു.
നേരത്തെ എത്തിയ മഴയും പാടങ്ങളില്‍ നിന്ന് വെള്ളമിറങ്ങാത്തതുമാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്. മടിക്കൈ വയല്‍, മണക്കടവ്, നാദക്കോട്ട്, കണിച്ചിറ, കക്കാട്ട്, അരയി, തുടങ്ങി വിവിധ പ്രദേശങ്ങളിലായി ലക്ഷക്കണക്കിന് നേന്ത്ര വാഴകത്താണ് നശിച്ചത്. ബാങ്കില്‍ നിന്നും വായ്പയെടുത്തും കടം വാങ്ങിയും കൃഷി ആരംഭിച്ച കര്‍ഷകര്‍ ദുരിത പെയ്ത്തില്‍ കടക്കെണിയിലാവുമോ എന്ന ആശങ്കയിലാണ്. വിളവിന് പാകമാവാത്ത വാഴകളാണ് നശിച്ചവയിലേറേയും. കോടികളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്.പഞ്ചായത്തില്‍ കാലവര്‍ഷക്കെടുതിയില്‍ വാഴകര്‍ഷകര്‍ക്ക് രണ്ട് കോടി യോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത പറഞ്ഞു. നാശനഷുക്കള് നേരില്‍ കണ്ടു. കര്‍ഷകര്‍ കൃത്യമായ വിവരങ്ങള്‍ നല്കി കക്ഷി ഭവനുമായി ബന്ധപ്പെട്ട് അക്ഷയ മുഖാന്തിരം അപേക്ഷ നല്‍കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
