പനത്തടി പെരുതടി പുളിങ്കൊച്ചിയില്‍ കാട്ടാന ആദിവാസി കുടുംബം താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡ് തകര്‍ത്തു. കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

പാണത്തൂര്‍ : പെരുതടി – പനത്തടി പഞ്ചായത്തിലെ പെരുതടി പുളിങ്കൊച്ചിയില്‍ ഇന്നലെ രാത്രിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ആദിവാസി കുടുംബം താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡ് തകര്‍ത്തു. കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. പുളിങ്കൊച്ചിയിലെ ഭരതന്റെ താല്‍ക്കാലിക ഷെഡാണ് ഇന്നലെ രാത്രിയില്‍ കാട്ടാന തകര്‍ത്തത്. ആ സമയത്ത് വീട്ടില്‍ ഭരതനും, ഭാര്യയും 14 ലും, 7 ഉം വയസ്സുള്ള മക്കളുമാണ് ഉണ്ടായിരുന്നത്. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന വീടിനോട് ചേര്‍ന്നായിരുന്ന താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ചിരുന്നത്. ഷെഡിന്റെ മുന്‍ഭാഗം ആന തകര്‍ത്തിട്ടുണ്ട്. രാത്രിയില്‍ വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഭരതന്‍ തൊട്ടുമുമ്പില്‍ കയ്യെത്തും ദൂരത്ത് ആനയെ കണ്ട് പെട്ടെന്ന് ഒഴിഞ്ഞു മാറിയതു കൊണ്ടാണ് അപകടം കൂടാതെ രക്ഷപ്പെട്ടത്. വളരെ ഗുരുതരമായ സാഹചര്യമാണ് ഈ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നത്. മാസങ്ങളായി പെരുതടി പ്രദേശത്തെ പുളിങ്കൊച്ചി, ചെമ്പംവയല്‍, താന്നിക്കാന്‍ പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. വനം വകുപ്പ് വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തുന്നില്ല എന്ന ആക്ഷേപം നാട്ടുകാര്‍ക്കുണ്ട്. വന്യമൃഗശല്യം ഉണ്ടായിക്കഴിഞ്ഞാല്‍ വിവരം വനംവകുപ്പിന്റെ പനത്തടി സെക്ഷനില്‍ അറിയിച്ചാല്‍ മരുതോം സെക്ഷനില്‍ ബന്ധപ്പെടാനാണ് പറയുന്നത്. ഇനിയെങ്ങനെ ഇവിടെ ജീവിക്കും എന്നുള്ള ആശങ്കയിലാണ് പ്രദേശവാസികള്‍. പ്രദേശത്ത് നിര്‍മ്മിക്കുന്ന സൗരോര്‍ജ്ജ വേലിയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതാണ് കാട്ടാനകള്‍ വ്യാപകമായി ഈ പ്രദേശങ്ങളില്‍ ഇറങ്ങാന്‍ കാരണമായി പറയുന്നത്.

error: Content is protected !!