പ്രധാനമന്ത്രി അഹമ്മദാബാദില്‍, അപകടസ്ഥലം സന്ദര്‍ശിച്ചു; പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു

അഹമ്മദാബാദ്: ഇന്നലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നുരാവിലെയാണ് അദ്ദേഹം സംഭവസ്ഥലത്തെത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ബായ് പട്ടേല്‍, എയര്‍ ഇന്ത്യയുടെ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അപകടസ്ഥലം സന്ദര്‍ശിച്ചശേഷം പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപ്രതികളിലും മോദി സന്ദര്‍ശനം നടത്തി. പരിക്കേറ്റവരെയും അവരുടെ ബന്ധുക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു.
ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട രമേശ് വിശ്വാസില്‍ നിന്ന് അദ്ദേഹം വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി.

മോദിയുടെ സാന്നിദ്ധ്യത്തില്‍ ഉന്നതതല യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷം വിമാനദുരന്തത്തില്‍ മരിച്ച മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭാര്യ അഞ്ജലി രൂപാണിയെയും അദ്ദേഹം കാണും. ഇന്നലെ ഉണ്ടായ ദുരന്തത്തില്‍ 294 പേര്‍ മരണമടഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.
265 മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മെഡിക്കല്‍കോളേജ് ഹോസ്റ്റര്‍ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. ഇവിടെയുണ്ടായിരുന്ന ചില വിദ്യാര്‍ത്ഥികളും അപകടത്തില്‍ മരിച്ചിട്ടുണ്ട്. മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. അതിനാല്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ ഉടന്‍ ഡി എന്‍ എ സാമ്പിളുകള്‍ നല്‍കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരുന്നൂറ് സാമ്പിളുകളാണ് ഇതുവരെ ലഭിച്ചത്. അപകട കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടത്തിന് കാരണം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളിലും പക്ഷി ഇടിച്ചതാകാമെന്ന് സംശയിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍( ഡിജിസിഎ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. എന്‍ ഡി ആര്‍ എഫിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് സംഭവ സ്ഥലത്ത് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.വിമാനത്തിന്റെ ഒരു ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. രണ്ടാമത്തേതിനായി തിരച്ചില്‍ തുടരുകയാണ്.

error: Content is protected !!