കാഞ്ഞങ്ങാട് : ജനാധിപത്യവാദികളുടെയും മുസ്ലീങ്ങളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെയും നിരന്തരമായ ആവശ്യം പരിഗണിച്ച് ജനസംഖ്യ – ജാതി സെന്‍സസ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ ജാതി തിരിച്ചുള്ള എണ്ണവും ഓരോ ജാതിയിലുള്ളവര്‍ക്കും ലഭിച്ചിട്ടുള്ള അധികാര സ്ഥാനങ്ങളുടെ കണക്കൊടുപ്പുമാണ് ജാതി സെന്‍സസ് കൊണ്ട് സാധ്യമാവുക. അധികാരവും വിഭവങ്ങളും കൂടുതല്‍ കയ്യടക്കി വെച്ചിട്ടുള്ള വിഭാഗം ഏതാണെന്ന് ആധികാരികമായി ഈ കണക്കെടുപ്പില്‍ പുറത്തുവരും. മുസ്ലീങ്ങള്‍ അടക്കമുള്ള പിന്നോക്ക ദളിത വിഭാഗങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് പൊതുസമൂഹത്തിന് മനസ്സിലാകും. അതുകൊണ്ടാണ് ചില കേന്ദ്രങ്ങള്‍ ജാതി സെന്‍സസിനെ ഭയക്കുന്നത്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവന ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്. സമ്മര്‍ദ്ദവും ഭരണകൂട സ്വാധീനവുമുപയോഗിച്ച് വര്‍ഷങ്ങളായി സവര്‍ണ്ണ സമൂഹങ്ങള്‍ നടത്തിയ അട്ടിമറിയുടെയും ഗൂഢനീങ്ങളുടെയും ഫലമായുള്ള വിവേചനം അധികാര – ഉദ്യോഗ – വിദ്യാഭ്യാസ മേഖലയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഈ ഭീകരമായ അനീതിക്ക് ജാതി സെന്‍സസിലൂടെ പരിഹാരമാകും എന്ന് പ്രതീക്ഷിക്കാം. വൈകിയാണെങ്കിലും സമയബന്ധിതമായി ജനസംഖ്യ സെന്‍സസും ജാതിസെന്‍സസും പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാറിന്ന് എം.എസ്.എസ് അഭിവാദ്യം അര്‍പ്പിക്കുന്നയെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് ഡോ.പി.ഉണ്ണീന്‍, ജനറല്‍ സെക്രട്ടറി പി.മമ്മത് കോയ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.
ജാതി സെന്‍സസ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടി സ്വാഗതാര്‍ഹം: എം.എസ്.എസ്
