മിസ്റ്റര്‍ മരുമകന്‍ റോഡ് ഷോ നടത്തേണ്ടതും സെല്‍ഫി എടുക്കേണ്ടതും സംസ്ഥാന പാതയില്‍ : എം.എല്‍. അശ്വിനി

കാസര്‍കോട്: കാഞ്ഞങ്ങാട് കെ.എസ്.ടി.പി. റോഡില്‍ റോഡ് ഷോ നടത്താനും സെല്‍ഫിയെടുക്കാനും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ വെല്ലുവിളിച്ച് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി. കെ.എസ്.ടി.പി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും റോഡിലെ മരണകുഴികള്‍ അടിയന്തരമായി നികത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പ്രൊജക്ടുകളുടെ സെല്‍ഫിയല്ല മറിച്ച് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ടുകളുടെ സെല്‍ഫിയാണ് സംസ്ഥാന പൊതുമരാമത്ത് മന്ത്രി എടുക്കേണ്ടത്. പ്രളയസമയത്ത് കേരളത്തിന് കൈത്താങ്ങാകാറുള്ള തീരദേശ ജനതയെ പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നതിന്റെ തെളിവാണ് 6 വര്‍ഷങ്ങള്‍ക്ക് ശേഷവും പൂര്‍ണ്ണമായും അറ്റകുറ്റപ്പണികള്‍ നടത്തി റീ ടാര്‍ ചെയ്യാന്‍ വൈകുന്നതെന്നും കെ.എസ്.ടി.പി. റോഡില്‍ പൊലിയുന്ന ഓരോ ജീവന്റെയും ഉത്തരവാദിത്തം പിണറായി സര്‍ക്കാരിനാണെന്നും അശ്വിനി കുറ്റപ്പെടുത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് തമ്പാന്‍ അച്ചേരി അദ്ധ്യക്ഷത വഹിച്ചു. സദാശിവന്‍ മണിയങ്ങാനം, നാരായണന്‍ വടക്കിനിയ തുങ്ങിയവര്‍ സംസാരിച്ചു.
ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രദീപ് കൂട്ടക്കനി സ്വാഗതവും എ.എം. മുരളീധരന്‍ നന്ദിയും പറഞ്ഞു. പ്രകടനത്തിന് സൗമ്യ പത്മനാഭന്‍, രതീഷ് വി.എ. വിനില്‍ കുമാര്‍, മുരളി അച്ചേരി, ഓംപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

error: Content is protected !!