നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടിച്ചതിന് 53 വര്‍ഷങ്ങള്‍ക്ക് ശേഷം 62 കാരന്റെ പല്ല് അടിച്ച് തെറിപ്പിച്ചു

വെള്ളരിക്കുണ്ട് : നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തല്ലിയതിന്റെ പ്രതികാരം അര നൂറ്റാണ്ടിന് ശേഷം 62 കാരന് ക്രൂരമര്‍ദ്ദനം. മാലോം വീട്ടിക്കൊമ്പില്‍ ജോസഫിന്റെ മകന്‍ വി.ജെ. ബാബു (62) വാണ് മര്‍ദ്ദനത്തിന് ഇരയായത്. മര്‍ദ്ദനത്തില്‍ രണ്ട് പല്ലുകള്‍ നഷ്ടപ്പെട്ട ബാബുവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാബുവിനൊപ്പം പഠിച്ച മാലോത്തെ ബാലകൃഷ്ണന്‍, ബാലകൃഷ്ണന്റ സുഹൃത്ത് മാത്യു വലിയ പലക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് അക്രമിച്ചത്. മാലോം ടൗണില്‍ ജൂണ്‍ 2 ന് ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. ജയരംഗ് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങവെയായിരുന്നു അക്രമം. ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് കല്ലുകൊണ്ട് ഇടത് കവിളിലും പുറത്തും ഇടിച്ചു പരിക്കേല്‍പ്പിച്ചു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ നീ അടിച്ചില്ലെയെന്ന് പറഞ്ഞായിരുന്നു ബാലകൃഷ്ണന്‍ ആദ്യം തടഞ്ഞു നിര്‍ത്തിയത്. പിന്നീട് ഇരുവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബാബുവിന്റെ പരാതിയില്‍ ബാലകൃഷ്ണന്‍, മാത്യു വലിയ പലക്കല്‍ എന്നിവര്‍ക്ക് എതിരെ വെള്ളരിക്കുണ്ട്  പോലീസ് കേസെടുത്തു.

 

error: Content is protected !!