ഹോസ്ദുര്‍ഗ്: അജാനൂര്‍ കടപ്പുറം ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പരാതിപ്പെട്ട് സ്ഥാപിച്ചു ജനമൈത്രി പോലീസ്. സ്‌കൂളില്‍ വച്ച് നടത്തിയ ചടങ്ങില്‍ ഹോസ്ദുര്‍ഗ് സബ് ഇന്‍സ്‌പെക്ടര്‍ കെ വി ജിതിന്‍, ജനമൈത്രി പോലീസ് പ്രദീപന്‍ കോതോളി, ക്രസന്റ് സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പി കെ അബ്ദുല്ല കുഞ്ഞി, പ്രിന്‍സിപ്പാള്‍ ഡോ. ലിയാഖത്തലി, വാര്‍ഡ് മെമ്പര്‍ രവീന്ദ്രന്‍ , പിടിഎ പ്രസിഡണ്ട് യു വി ബഷീര്‍, സുചിത്ര ടീച്ചര്‍, കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ എഴുതിയിടുന്നതിന് വേണ്ടിയാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പൊലീസിന്റെ പരാതിപ്പെട്ടി സ്ഥാപിക്കുന്നത്.
സ്‌കൂളുകളില്‍ പോലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പി ജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളില്‍ നടപടി സ്വീകരിക്കുക പൊലീസാവും. ഓരോ സ്‌കൂളിലും അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനു ചുമതല നല്‍കും. പരാതി പെട്ടികളില്‍ നിന്നും ലഭിച്ച പരാതികളില്‍ ഓരോ മാസവും സ്‌കൂള്‍ തലവന്റെ സാന്നിധ്യത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആയത് തുറന്നു പരിശോധിച്ച് അതിന്മേലുള്ള പരാതികളില്‍ ഉചിതമായ നടപടി സ്വീകരിക്കും. പരാതിപെട്ടികള്‍ കൃത്യമായി എല്ലാ സ്‌കൂളുകളിലും സ്ഥാപിക്കുകയും സ്‌കൂള്‍ തുറക്കുന്ന സമയത്ത് ആഴ്ചയില്‍ ഒരിക്കല്‍ വീതവും പിന്നീട് മൂന്നു മാസങ്ങള്‍ക്ക് ശേഷം മാസത്തില്‍ ഒരു തവണ വീതം കൃത്യമായി പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. സ്‌കൂളില്‍ പരിഹരിക്കേണ്ട പരാതികള്‍ അവിടെ പരിഹരിക്കും. ഗൗരവമായതില്‍ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവര്‍ക്കുകൈമാറും.
