കാഞ്ഞങ്ങാട് : ആശുപത്രിയില്‍ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ മകള്‍ പുറംവേദനയെ തുടര്‍ന്നുണ്ടായ ശ്വാസ തടസത്തെ തുടര്‍ന്ന് മരിച്ചു. ചെറുവത്തൂര്‍ ബസ് സ്റ്റാന്റിനടുത്ത് മില്‍മ ഷോപ്പ് നടത്തുന്ന ഞാണം കൈയിലെ പരേതനായ ശശികുമാറിന്റെ മകള്‍ എസ്. അനിത (48)ആണ് മരിച്ചത്. മാവുങ്കാല്‍ സഞ്ജീവിനി സ്വകാര്യാശുപത്രിയില്‍ ശ്വാസം മുട്ടിനെ തുടര്‍ന്ന് മൂന്ന് ദിവസമായി ചികില്‍സയില്‍ കഴിയുന്ന അമ്മ കല്യാണിക്ക് കൂട്ടിരിപ്പിനെത്തിയ തായിരുന്നു അനിത. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് ശേഷം പെട്ടന്ന് ചുമയുണ്ടാവുകയും പുറംവേദന അനുഭവപ്പെട്ട് ശ്വാസതടസമുണ്ടായ ഉടന്‍ മരണം സംഭവിച്ചതായി ഹോസ്ദുര്‍ഗ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അമ്മക്കൊപ്പം വര്‍ഷങ്ങളായി ചെറുവത്തൂരില്‍ മില്‍മ ഷോപ്പ് നടത്തി വരികയായിരുന്നു. അനിതയുടെ മൂത്ത സഹോദരന് അനൂപ് നാല് വര്‍ഷം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. സഹോദരി അനില (ഞാണംകൈ). സഞ്ജീവനി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാളെ രാവിലെ എട്ടിന് കുട്ടമത്തെ പൊതുശ്മശാനത്തില്‍ സംസ്കരിക്കും.
