നീലേശ്വരം മന്നന്‍പുറത്ത് കാവ് കലശത്തിന് ഇന്ന് തുടക്കം

നീലേശ്വരം : മന്നന്‍പുറത്ത് കാവ് കലശ മഹോത്സവത്തിന് ഇന്ന് തുടക്കം. കലശത്തിന്റെ മുന്നോടിയായി പൂത്താക്കല്‍ ചടങ്ങ് നടത്തി.
പുറത്തേ കലശോത്സവ ദിവസം തെയ്യക്കോലങ്ങള്‍ക്കൊപ്പം ക്ഷേത്ര പ്രദക്ഷിണം ചെയ്യുന്ന കലശത്തട്ടുകള്‍ അലങ്കരിക്കുന്നതിന് കവുങ്ങിന്‍ പൂക്കുലകള്‍ ശേഖരിക്കുന്ന ചടങ്ങാണിത്. നീലേശ്വരത്തെ വടക്ക്, തെക്ക് കളരികളില്‍ നിന്നാണ് കലശത്തട്ടുകള്‍ ക്ഷേത്രത്തിലെത്തുക. വടക്കേ കളരിയില്‍ നിന്നുള്ള വാല്യക്കാര്‍, ആചാരക്കാര്‍, കൂട്ടായിക്കാര്‍ എന്നിവര്‍ മടിക്കൈ പഞ്ചായത്തിലെ ചെരണത്തല, കക്കാട്ട്, പുളിക്കാല്‍ ഭാഗങ്ങളിലെത്തിയാണ് പൂത്താക്കുന്നത്. രാവിലെ കളരിയില്‍ നിന്നിറങ്ങുന്ന ഇവര്‍ പ്രത്യേക താളത്തില്‍ ശബ്ദമുയര്‍ത്തിയാണ് ചടങ്ങ് നിര്‍വഹിക്കുക. പൂക്കള്‍ ശേഖരിച്ച് ഇന്നലെ രാത്രിയോടെയാണ് കളരിയില്‍ തിരിച്ചത്തി. പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ വാല്യക്കാര്‍ പട്ടേനയില്‍ എത്തി പൂക്കള്‍ ശേഖരിക്കും. അകത്തേ കലശ ദിവസമായ ഇന്ന് വൈകിട്ടാണ് കലശത്തട്ടുകള്‍ അലങ്കരിച്ചു തുടങ്ങുക. രാത്രി വൈകി പൂര്‍ത്തിയാകും. പുറത്തേ കലശ ദിവസമായ നാളെ ഉച്ചയോടെ അലങ്കരിച്ച കലശത്തട്ടുകള്‍ കളരികളില്‍ നിന്ന് കാവിലെത്തിക്കും. കള്ള് നിറച്ച കലശ കുംഭങ്ങള്‍ വാല്യക്കാര്‍ തണ്ടിട്ട് ചുമലിലേറ്റി ആര്‍പ്പുവിളികളോടെ ക്ഷേത്ര പ്രദക്ഷിണം ചെയ്യുന്ന ചടങ്ങ് അത്യാവേശകരമാണ്. ഈ സമയത്ത് വാല്യക്കാര്‍ കവുങ്ങിന്‍ പൂക്കുലകള്‍ വാരിയെറിയും. ഇത് കരസ്ഥമാക്കാന്‍ ഭക്തരും ആവേശം കൂട്ടും.

error: Content is protected !!