കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് ചാലിങ്കാല്‍ റോഡിലെ വീണച്ചേരി ഇറക്കത്തില്‍ നിര്‍മാണം പൂര്‍ത്തിയായ രണ്ടു നില അപാര്ട്മെന്റിന്റെ തറ ഒഴികെയുള്ള അരിക് ഭാഗങ്ങള്‍ മുഴുവനായി ഇടിഞ്ഞ് തൊട്ടു താഴത്തെ വീട്ടിലേക്ക് വീണു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വീണച്ചേരിയിലെ പൈനി ചന്ദ്രന് നായരുടെ കിടപ്പുമുറിയുടെ ചുമരിലേക്കാണ് കൂറ്റന്‍ മതില് അപ്പാടെ തകര്‍ന്ന് അപാര്ട്മെന്റിന്റെ തറ ഒഴികെയുള്ള ഭാഗങ്ങളിലെ മുഴുവന്‍ മണ്ണും ചെങ്കല്ലുകളും കോണ്‍ക്രീറ്റ് പാളികളും ഉള്‍പ്പെടെയുളള ഭാഗങ്ങള്‍ തകര്‍ന്നു വീണത്. കൂറ്റന്‍ കോണ്‍ക്രീറ്റ് പാളികള്‍ വീടിന്റെ സണ്‍ഷേഡില്‍ വീണു കിടക്കുകയാണ്. അപാര്‍ട്മെന്റിലെ കിണറിന് തൊട്ടടുത്ത് വരെയുള്ള ഇന്റര്‍ലോക്കും പൂര്‍ണമായും ഇളകി വീണിട്ടുണ്ട്. ഇടിഞ്ഞു താഴ്ന്ന ഭാഗത്തിനോടു ചേര്‍ന്ന ഭാഗങ്ങള്‍ എത് സമയത്തും ഇടിഞ്ഞു താഴാമെന്ന നിലയിലുമാണ്.
ചന്ദ്രന് നായരുടെ കിടപ്പ് മുറികളിലെ മൂന്ന് ജനാലകള്‍ പൂര്‍ണമായും തകര്‍ന്ന് ജനല്‍ച്ചില്ലുകളും കല്ലും മണ്ണും മുറിയിലേക്ക് വീണു കിടക്കുകയാണ്. ശുചിമുറിയുടെ പൈപ്പ് ലൈനും പൂര്‍ണമായും തകര്‍ന്നു. അപാര്‍ട്മെന്റ് മുറ്റത്തെ വാട്ടര്‍ ടാപ്പ് കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ഉള്‍പ്പെടെ ഇളകിയും ശുചി മുറി പൈപ്പ് ലൈന്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ണമായും താഴേക്ക് വീണ് മണ്ണില്‍ പുതഞ്ഞ് കിടക്കുന്നുണ്ട്. വീടിനും അപാര്ട്മെന്റിനും ഇടയില്‍ തൊട്ടു പിന്നിലെ വീട്ടുകാര്‍ നടന്നു പോകുന്ന വഴിയിലേക്ക് ആള്‍പ്പൊക്കത്തില്‍ മണ്ണും കല്ലും വീണ് കുമിഞ്ഞു . ഈ വഴി പൂര്‍ണമായും അടഞ്ഞു. അപകടം പുലര്‍ച്ചെയായതിനാലും അപകട സമയത്ത് ചന്ദ്രന് നായരുടെ വീട്ടില്‍ ആരുമില്ലാതിരുന്നതും വന്‍ ദുരന്തമാണ് ഒഴിവാക്കിയത്.
