അബുദാബി: അമ്പത്തിയാറ് വര്‍ഷം പിന്നിട്ട അബുദാബിയിലെ ഗവര്‍മെന്റ് അംഗീകൃത സംഘടനയായ അബുദാബി മലയാളി സമാജത്തിന്റെ ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവലിന്റെ കലാതിലകമായി കാസര്‍കോട് സ്വദേശി അഞ്ജലി ബേത്തൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. യു എ ഇ യുടെ വിവിധ എമിറേറ്റ്‌സുകളില്‍ നിന്നുള്ള കുട്ടികളെ പിന്തള്ളിയാണ് അഞ്ജലി കലാതിലകമായത്.
കാസര്‍കോട് മുനിയൂര്‍ സ്വദേശി വേണുഗോപാലന്‍ നമ്പ്യാരുടേയും രജി വേണുഗോപാലിന്റെയും മകളായ അഞ്ജലി, ദുബൈ ജെംസ് ന്യൂ മില്ലേനിയം സ്‌കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. മോഹിനിയാട്ടം, സിനിമാഗാനം, ലളിത ഗാനം എന്നിവയില്‍ ഒന്നാം സ്ഥാനവും നാടന്‍പാട്ടില്‍ രണ്ടാം സ്ഥാനവും നേടിയാണ് കലാതിലക പട്ടം നേടിയത്
വളരെ ചെറുപ്പത്തിലെ തന്നെ നൃത്തവും സംഗീതവും അഭ്യസിച്ച അഞ്ജലി ഇതിനു മുമ്പ് ഇന്ത്യാ സോഷ്യല്‍ & കച്ചറല്‍ സെന്ററിന്റെ കലാതിലകവുമായിരുന്നു. കൂടാതെ ദുബൈയില്‍ വെച്ച് നടന്ന വേണുനാദം എന്ന സംഗീത റിയാലിറ്റി ഷോയിലെ വിജയി കൂടിയാണ് അഞ്ജലി.
മലയാളം മിഷന്‍ ആഗോള തലത്തില്‍ നടത്തി വരുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തില്‍ മേഖലാതലത്തിലും ചാപ്റ്റര്‍ തലത്തിലും പല തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ആഗോള തലമത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പത്തുപേരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
2020-ല്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഭരത് മുരളി നാടകോത്സവത്തില്‍, കല അബുദാബി അവതരിപ്പിച്ച ”അര്‍ദ്ധനാരീശ്വരന്‍” എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച ബാല നടിക്കുള്ള അവാര്‍ഡ് ലഭിച്ചു.ഭരത് മുരളി നാടകോത്സവത്തില്‍ തന്നെ സുരേഷ് ബാബു ശ്രീസ്ഥയുടെ രചനയ്ക്ക് ഷിനില്‍ വടകര രംഗഭാഷ്യം നല്‍കിയ ‘മക്കള്‍ കൂട്ടം’ എന്ന നാടകത്തില്‍ വിശപ്പിന്റെ വിളിയറിഞ്ഞ ഒരു ആദിവാസി ബാലികയുടെ ജീവസ്സുറ്റ കഥാപാത്രം അവതരിപ്പിച്ച അഞ്ജലി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ജോനോ ജോസഫ് സംവിധാനം ചെയ്ത ‘ദ സ്റ്റേജ്’ എന്ന നാടകത്തിലും മികച്ച അഭിനയം കാഴ്ചവെവെച്ചിരുന്നു.നാടകത്തിലുപരി ഹ്രസ്വ ചിത്രങ്ങളിലും തന്റെ അഭിനയ പാടവം തെളിയിച്ചിട്ടുണ്ട്. നവനീത് രഞ്ജിത്തും നിഹാര സജീവും സംയുക്തമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഹൃദയവും’ എന്ന സംഗീത ആല്‍ബത്തിലാണ് ആദ്യമായ് അഭിനയിച്ചത്. രഹാം സംവിധാനം ചെയ്ത മോമെന്റ്‌റ് ഓഫ് ലവ്, കുഞ്ഞിമോന്‍ താഹ സംവിധാനം ചെയ്ത അവരുടെ അതിഥികള്‍ എന്നീ ഹ്രസ്വ ചിത്രങ്ങളിലും അഞ്ജലി വേഷമിട്ടിട്ടുണ്ട്.
കലാരംഗത്ത് തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുന്ന തോടപ്പം പഠനത്തിലും മുന്‍പന്തിയിലാണ് ഈ കൊച്ചു മിടുക്കി. ഇക്കഴിഞ്ഞ സി.ബി. എസ്സ്.സി. പത്താം ക്ലാസ്സ് പരീക്ഷയില്‍ 90.4. ശതമാനം മാര്‍ക്ക് നേടി വിജയിച്ചിരിക്കുകയാണ്. ഏക സഹോദരന്‍ അമൃത് ചെന്നൈയില്‍ മൂന്നാം വര്‍ഷ എം.ബി.ബി.എസ്സ് വിദ്യാര്‍ത്ഥിയാണ്.
