കാഞ്ഞങ്ങാട്: സ്‌കൂള്‍ തുറക്കുമ്പോഴേക്കും കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റ് യാത്രക്കാര്‍ക്കായി തുറന്ന് കൊടുക്കണമെന്ന് നിര്‍ദ്ദേശം നില നില്‍ക്കെ പണി പാതിവഴിയില്‍ നിര്‍ത്തി. ഏപ്രില്‍ ഒന്നിനാണ് ബസ് സ്റ്റാന്റ് കോണ്‍ക്രീറ്റ് ചെയ്യാന്‍ വേണ്ടി അടച്ചിട്ടത്. ഒരു മാസം കഴിഞ്ഞിട്ടും പ്രവര്‍ത്തികള്‍
ആരംഭിക്കാത്തതിനെ തുടര്‍ന്ന് വ്യാപാരികളുടെയും ബസുടമകളുടേയും യാത്രക്കാരുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ആഴ്ചകള്‍ക്ക് മുമ്പ് യാര്‍ഡ് കുത്തിയിളക്കി കല്ലുകളും മറ്റും നീക്കം ചെയ്യുകയും ഡ്രൈനേജിന് കുഴിയും എടുത്ത് പണി നിര്‍ത്തിപ്പോയി. പിന്നീട് ഒരു പ്രവര്‍ത്തിയും നടന്നില്ല. സ്‌കൂള്‍ തുറക്കാന്‍ ഇനി 10 ദിവസം മാത്രം ബാക്കി നില്‍ക്കെ നഗരസഭ അധികൃതര്‍ ഈ ഭാഗത്ത് ഇപ്പോള്‍ തിരിഞ്ഞ് നോക്കുന്നില്ല. ഡ്രൈനേജ് കുഴിയില്‍ വെള്ളം നിറഞ്ഞ് അപകട ഭീഷണിയിലാണ്.
കാലവര്‍ഷം അടുത്തതു കൊണ്ട് ബസ് സ്റ്റാന്റില്‍ ബസ് കയറ്റാന്‍ സാധിച്ചില്ലെങ്കില്‍ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെടും. കഴിഞ്ഞ 3ന് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പഴയതു പോലെ ബസ് കയറ്റാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്‌കൂള്‍ തുറന്നാല്‍ ആയിരത്തില്‍ പരം കുട്ടികള്‍ ഈ ബസ്സ്റ്റാന്റ് വഴിയാണ് പല സ്‌കൂളിലും പോവുന്നത്. ഇപ്പോള്‍ തന്നെ ഒരു ആംബുലന്‍സിന് പോലും തിര്‍ക്ക് മൂലം കടന്ന് പോവാന്‍ പറ്റാത്ത വിധം കുരുക്കിലാണ്. സ്റ്റാന്‍ഡ് അടച്ചിട്ടതോടെ റോഡിലാണ് നീലേ ശ്വരം ഭാഗത്തേക്കും ചെമ്മട്ടംവയല്‍ ഭാഗത്തേക്കുമുള്ള ബസുകള്‍ നിര്‍ത്തിയിടുന്നത്. റോഡില്‍ കോട്ടച്ചേരി പെട്രോള്‍ പമ്പ് മുതല്‍ നിരങ്ങി നീ ങ്ങുന്ന ബസുകളുടെ നീണ്ട നിര ഉണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ഏറെയാണ്. പാര്‍ക്കു ചെയ്യുന്ന ബസുകള്‍ക്കിടയില്‍ കൂടിയുള്ള സീബ്രവരയില്‍ കൂടി വേണം ആളുകള്‍ക്ക് എതിര്‍വശത്തുള്ള ചന്ദ്രഗിരി സ്റ്റോപ്പിലെത്താന്‍. ഇവിടെയും തലങ്ങും വിലങ്ങുമായാണ് ബസുകള്‍ പാര്‍ക്കു ചെയ്യുന്നത്. സീബ്രാലൈനില്‍ ആളൊഴിഞ്ഞ നേരമുണ്ടാകാറില്ല. ട്രാഫിക് കവലയിലെ കുന്നുമ്മല്‍ റോഡി ലേക്കും ഗതാഗതക്കുരുക്ക് നീ ണ്ടുപോകുന്നത് കാണാം. പരക്കം പാഞ്ഞാണ് ഹോംഗാര്‍ഡുകള്‍ കുരിക്കഴിക്കുന്നത്.
