കാറഡുക്ക: വേനലവധിയെ മധുരതരമാക്കി മധുരവേനലില്‍ കുട്ടികള്‍ ഒത്തു ചേര്‍ന്നു. കാടകം ഫ്രന്‍സ് കമ്പയിന്‍സിന്റെ അവധിക്കാല ക്യാമ്പാണ് കുട്ടികളെ ഉത്സാഹത്തിമിര്‍പ്പിലേക്ക് കൊണ്ടു പോയത്. കാറഡുക്ക സ്‌കൂള്‍ പരിസരത്താണ് മൂന്ന് ദിവസത്തെ ക്യാമ്പ് നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ കാറഡുക്ക ഗ്രാമപ്പഞ്ചായത്തംഗം പ്രസീജ മോഹന്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ കിഴക്കേക്കര അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ രൂപ സത്യന്‍, എം. തമ്പാന്‍, പ്രസന്നന്‍ കാടകം, ജി.സി. ഷാജു, വി.സി. അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു. ആദ്യദിനം നാടക സിനിമാ പ്രവര്‍ത്തകന്‍ മണിപ്രസാദ് തിയേറ്ററിന്റെ പാഠങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. അധ്യാപകനും സിനിമാ-നാടക പ്രവര്‍ത്തകനുമായ കെ.പി. ജ്യോതി ചന്ദ്രന്‍ അതിഥിയായെത്തി കുട്ടികളോട് സംവദിച്ചു. ശനിയാഴ്ച കുരുത്തോലകളിലെ കരകൗശലവുമായി നാടകപ്രവര്‍ത്തകന്‍ കൂടിയായ തെയ്യം കലാകാരന്‍ സുരേഷ് പണിക്കര്‍ കാടകം കുട്ടികള്‍ക്ക് ക്ലാസെടുക്കും. വരകളുടെ പുതുലോകം പരിചയപ്പെടുത്തി സചീന്ദ്രന്‍ കാടകവുമെത്തും. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും മോട്ടിവേഷന്‍ സ്പീക്കറുമായി നിര്‍മല്‍കുമാര്‍ കാടകം അതിഥിയായെത്തി സംവദിക്കും. ഞായറാഴ്ച ക്രാഫ്റ്റ് ക്ലാസുമായി എ.കെ.എസ്. സന്ധ്യയും നാട്ടുപാട്ടിന്റെ ശീലുമായി സുഭാഷ് അറുകരയും ക്ലാസെടുക്കും. കഥാകൃത്ത് സതീശന്‍ പൊയ്യക്കോട് അതിഥിയാകും.
വിനയന്‍ കാടകമാണ് ക്യാമ്പ്ഡയറക്ടര്‍.
