എണ്ണപ്പാറയിലെ പെണ്‍കുട്ടിയുടെ തിരോധാനം: 15 വര്‍ഷത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു: കരാറുകാരന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ എണ്ണപ്പാറ, മൊയോലം സര്‍ക്കാരി കോളനിയിലെ എം സി രാമന്‍ – കല്യാണി ദമ്പതികളുടെ മകള്‍ എം സി രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കാരാറുകാരന്‍ അറസ്റ്റില്‍. പാണത്തൂര്‍, ബാപ്പുങ്കയം സ്വദേശിയും നിര്‍മ്മാണ മേഖലയിലെ കരാറുകാരനുമായ ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് ഐ.ജി. പി പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശനിയാഴ്ച കാസര്‍കോട്ടെത്തുന്ന ഐ. ജി വിശദീകരിക്കുമെന്നാണ് സൂചന. 2011 ജനുവരിയിലാണ് രേഷ്മയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

ജോലി ആവശ്യമായി പാണത്തൂര്‍ ബാപ്പുകയത്തെ പൗലോസിനോടൊപ്പം എറണാകുളത്തേക്ക് പോകുന്നുവെന്നാണ് രേഷ്മ ഏറ്റവും
ഒടുവില്‍ 2010 ഡിസംബറില്‍ വീട്ടുകാരെ അറിയിച്ചത്. പിന്നീട് രേഷ്മയെ കുറിച്ച് യാതൊരു വിവരവുമില്ല. 15 കൊല്ലം കേസന്വേഷണം നടത്തിയ ലോക്കല്‍ പോലീസ് രേഷ്മ ജീവിച്ചിരിപ്പില്ല എന്ന നിഗമനത്തിലെത്തിയിരുന്നു. രേഷ്മയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് എം സി രാമന്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയതിന് പുറമെ കേരള ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജിയും ഫയല്‍ ചെയ്തിരുന്നു. പോലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഏറ്റവും ഒടുവില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസ് അഞ്ചുമാസം മുമ്പ് ക്രൈം ബ്രാഞ്ചിന് വിട്ടത്. ബിജു പൗലോസിനെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. അജാനൂര്‍ മടിയനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ട രേഷ്മയെ പാണത്തൂര്‍, പവിത്രം കയ പുഴയില്‍ തള്ളിയെന്നാണ് ബിജു അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. എന്നാല്‍ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രേഷ്മയെ കാണാതായ സമയത്ത് പുഴയിലൂടെ ഒരു യുവതിയുടെ മൃതദേഹം ഒഴുകിയെത്തിയിരുന്നു. പുഴയില്‍ നിന്ന് ഒരു പാദസരവും കിട്ടിയിരുന്നു. അജ്ഞാത മൃതദേഹമെന്ന നിലയില്‍ സംസ്‌കരിക്കുകയും ചെയ്തിരുന്നു. പ്രസ്തുത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത ക്രൈം ബ്രാഞ്ച് സംഘം രേഷ്മയുടെ പിതാവ് എം.സി. രാമന്‍, മാതാവ് കല്യാണി, സഹോദരി എം.സി.രമ്യ എന്നിവരുടെ ഡി.എന്‍.എ പരിശോധനയാണ് പ്രതിയുടെ അറസ്റ്റിലേയ്ക്ക് നയിച്ചത്.

വയനാട്ടിലെ വര്‍ക്ക്‌സൈറ്റില്‍ നിന്നാണ് ബിജു പൗലോസിനെ വെള്ളിയാഴ്ച്ച രാത്രി അറസ്റ്റു ചെയ്തത്. അന്വേഷണ സംഘത്തില്‍ ക്രൈം ബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തില്‍, ഡിവൈ.എസ്.പി.പി മധുസൂദനന്‍ നായര്‍, എസ് ഐ. രഘു, എ.എസ്.ഐ രതി, പോലീസുകാരായ സുമേഷ്, മഹേഷ്, പ്രഭേഷ്, ലതീഷ്, ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.

error: Content is protected !!