ഭീകരതക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് പിന്തുണ; കേരള കേന്ദ്ര സര്‍വകലാശാലയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു

പെരിയ: പാക്കിസ്ഥാന്റെ ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തിന് പൂര്‍ണ പിന്തുണയുമായി കേരള കേന്ദ്ര സര്‍വകലാശാല. സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ ക്യാംപസില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ‘രാഷ്ട്രം പ്രഥമം’ എന്ന ക്യാംപയിനിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും ത്രിവര്‍ണ പതാകയേന്തി അണിനിരന്നു. അതിശയിപ്പിക്കുന്ന തിരിച്ചടിയാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ രാജ്യം നല്‍കിയതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. ആല്‍ഗുര്‍ പറഞ്ഞു. ഭീകരരെ മാത്രം ലക്ഷ്യമിട്ട്, സാധാരണക്കാരെ ഒഴിവാക്കിയുള്ള കൃത്യമായ ആക്രമണമാണ് ഇന്ത്യന്‍ സൈന്യം നടത്തിയത്. സൈനികരുടെ ധീരതയെ അഭിവാദ്യം ചെയ്യുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടാക്കിയ പുരോഗതിയാണ് ഇത്തരം തിരിച്ചടികള്‍ നല്‍കാന്‍ നമ്മെ പ്രാപ്തരാക്കിയത്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി എല്ലാവരും നിലകൊള്ളണമെന്നും രാജ്യത്തെ കലവറയില്ലാതെ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ കെ. നാരായണന്‍ നായര്‍ പറഞ്ഞു. സൈന്യം അതിര്‍ത്തി കാത്ത് മുന്‍നിരയിലുണ്ടാകും. ഈ സാഹചര്യങ്ങളില്‍ സൈന്യത്തെയും രാജ്യത്തെയും എങ്ങനെ സഹായിക്കാന്‍ സാധിക്കുമെന്നത് ചിന്തിക്കണം. എല്ലാവരുടെയും പിന്തുണയുണ്ടെങ്കില്‍ മാത്രമാണ് രാജ്യത്തിന് പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുക. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയോ അത്തരം പ്രചാരണങ്ങളില്‍ വീഴുകയോ ചെയ്യരുത്. രാജ്യത്തിന് പൂര്‍ണ പിന്തുണ നല്‍കണം. അദ്ദേഹം ചൂണ്ടിക്കാട്ടി. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. എസ്. അന്‍ബഴഗി നന്ദിയും പറഞ്ഞു. കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, ഡീനുമാര്‍, വകുപ്പ് തലവന്മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ദേശഭക്തി ഗാനാലാപനവുംഉണ്ടായി.

error: Content is protected !!