കാഞ്ഞങ്ങാട്: കാമുകനുമായുള്ള വീഡിയോ കോളിനു തടസ്സമായ പത്തു വയസുകാരനായ മകനെ പാത്രം ചൂടാക്കി പൊള്ളിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. പള്ളിക്കര, കീക്കാന്‍ സ്വദേശിനിക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. പത്തു വയസുള്ള മകനാണ് ക്രൂരതയ്ക്ക് ഇരയായത്. കുട്ടിയുടെ മാതാവായ യുവതിയും ഒരു യുവാവും തമ്മില്‍ പ്രണയത്തിലായിരു ന്നു. ഇരുവരും ദിവസവും വീഡിയോ കോള്‍ വഴി സംസാരിക്കാറുണ്ടത്രെ. ഈ സമയത്ത് മകന് ശല്യമാകുന്നതില്‍ പ്രകോപിതയായ യുവതി ഒരു ദിവസം അലൂമിനിയം പാത്രം ചൂടാക്കി മകന്റെ വയറു പൊള്ളിക്കുകയായിരുന്നുവെന്നു കേസില്‍ പറയുന്നു. മാതാവിന്റെ ഭീഷണി കാരണം ഇക്കാര്യം കുട്ടി ആരോടും പറഞ്ഞിരുന്നില്ല. ഇതിനിടയില്‍ ദിവസങ്ങള്‍ക്കു മുമ്പ് യുവതി കാമുകനൊപ്പം ഒളിച്ചോടി. ഈ സംഭവത്തിനു ശേഷമാണ് കുട്ടി തന്നെ പൊള്ളിച്ച കാര്യം പിതാവിനോട് പറഞ്ഞതും പോലീസില്‍ പരാതി നല്കിയതും. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ ബേക്കല്‍ പോലിസ് കേസെടുത്തത്.
