കാഞ്ഞങ്ങാട് : ഹൃദയാഘാതത്തെ തുടര്‍ന്ന് തെയ്യം കലാകാരന്‍ അന്തരിച്ചു. മൂലക്കണ്ടം ഇല്ലത്തെ കുന്നില്‍ താമസിക്കുന്ന പ്രകാശന്‍ കലയപ്പാടി (38) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ വച്ചു ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പുല്ലൂര്‍ ശ്രീ മാച്ചിപ്പുറം ചാമുണ്ഡേശ്വരി ഗുളികന്‍ ദേവസ്ഥാനത്തുള്‍പ്പെടെ കാഞ്ഞങ്ങാടും സമീപ പ്രദേശങ്ങളിലുമുള്ള ഭൂരിഭാഗം ദേവസ്ഥാനങ്ങളിലും തറവാട് ക്ഷേത്രങ്ങളിലും തെയ്യം കെട്ടിയിട്ടുണ്ട്.
ചെറുപ്രായത്തില്‍ തന്നെ പിതാവായ മഡിയന്‍ പുത്തൂരന്റെ പാതയില്‍ തെയ്യം കെട്ടിത്തുടങ്ങി. പതിനാറാം വയസില്‍ ചേറ്റുകുണ്ട് കുദ്രു മൂകാംബിക ക്ഷേത്രത്തില്‍ തെയ്യം കെട്ടി കലൈപാടി ആചാരം കൊണ്ടു. തുടര്‍ന്ന് പുതിയകണ്ടം അടിയാര്‍ കാവില്‍ നിന്നും വള നല്‍കി ആദരിക്കപ്പെട്ടു. പടിഞ്ഞാര്‍ ചാമുണ്ഡി, കുണ്ടാര്‍ ചാമുണ്ഡി, കുറത്തിയമ്മ, ഗുളികന്‍, മന്ത്രഗുളികന്‍, ധൂമാവതി, പുലിച്ചാമുണ്ഡി, പണിക്കുളത്ത് ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങള്‍ കെട്ടി അനുഗ്രഹം നല്‍കിയ പ്രകാശന്‍ കലൈപാടി ഭക്തജനമനസുകളില്‍ നിറഞ്ഞു നില്‍ക്കുന്ന തെയ്യക്കാരനാണ്. ആചാരവും ചിട്ടയും അനുഷ്ഠാനവും
കൃത്യമായി പഠിച്ച് ആ വിഷയങ്ങളില്‍ അവഗാഹം നേടിയ തെയ്യം കലാകാരനാണ് പ്രകാശന്‍ കലൈപാടി. പരേതനായ പുത്തൂരാന്‍ കുട്ട്യന്റെയും യശോദയുടെയും മകനാണ്. ഭാര്യ: മല്ലിക. മകള്‍ : ശ്രീക്കുട്ടി ( വിദ്യാര്‍ത്ഥിനി ബല്ല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരി:വാസന്തി.
