പടന്നക്കാട് : കേരള കാര്‍ഷിക സര്‍വകലാശാല പടന്നക്കാട് കാര്‍ഷിക കോളേജില്‍ മാംഗോ ഫെസ്റ്റ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന മലബാര്‍ മാംഗോ ഫെസ്റ്റ് മധുരം 2025 നു കൂടി തിരശ്ശീല വീണു. നാലുദിവസവും വില്പന നഗരിയില്‍ അമ്പരപ്പിക്കുന്ന ജനപങ്കാളിത്തം മേളയുടെ വിജയത്തിന് കാരണമായി .ഇക്കുറി കേരള എക്സൈസ് വകുപ്പിന്റെ വിമുക്തിയും കാര്‍ഷിക കോളേജും ഒത്തുചേര്‍ന്ന് ‘മാമ്പഴമാ കട്ടെ ലഹരി ‘എന്ന ആശയം മുന്നോട്ടുവയ്ക്കുകയുണ്ടായി. കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബി. അശോക് ഐ എ ഐ മധുരം മലബാര്‍ മാംഗോ ഫെസ്റ്റ് സന്ദര്‍ശിച്ചു.
മാമ്പഴത്തിന് പുറമേ വില്‍പ്പന നഗരിയില്‍ തണ്ണിമത്തന് കൈതച്ചക്ക മുതലായവ ജനം ഇരുകൈയോടെ ഏറ്റെടുത്തു .മാമ്പഴ വിപണനത്തോടൊപ്പം തൈവില്പനയും നല്ല രീതിയില്‍ നടന്നു.26 ഇനങ്ങളില്‍ ഉള്ള മാമ്പഴങ്ങളാണ് വില്‍പ്പനയ്ക്കായി ഒരുക്കിയത്. ഏകദേശം 8 ടണോളം മാമ്പഴമാണ് നാലു ദിവസം കൊണ്ട് വിറ്റു പോയത്.ബംഗന പള്ളി ,സിന്ദൂരം, മൂവാണ്ടന്‍ ,കേസര്‍,നീലം മുതലായവയ്ക്ക് മേളയില്‍ ആവശ്യക്കാര്‍ ഏറെയായിരുന്നു. വിത്തിനങ്ങളില്‍ കോളേജിന്റെ തനതായ വെറൈറ്റി ഫിറാംഗിക്കും എക്സോട്ടിക് വെറൈറ്റി ആയ അഭിയുവും മേളയില്‍ താരമായി മാറി. മേളയില്‍ വരുന്ന ജനത്തിന് ആശ്വാസമേകിയ വിദ്യാര്‍ത്ഥികള്‍ നയിച്ച മക്കാനി ഫുഡ് കോര്‍ട്ട് രുചികള്‍ ഏവരെയും അത്ഭുതപ്പെടുത്തി. മേളയില്‍ നൂതന കൃഷി രീതികള്‍ പരിചയപ്പെടുത്തി എക്സിബിഷനും, സംശയദൂരികരണത്തിനായി അഗ്രോക്ലിനികും സജ്ജമായിരുന്നു. മേളയില്‍ ആടുവളര്‍ത്തല്‍, നാളികേരത്തില്‍ നിന്നും മൂല്യവര്‍ധന ഉല്‍പ്പന്നങ്ങള്‍, സംയോജിത തെങ്ങുകൃഷി ,ചെറു തേനീച്ച കൃഷി, കൂണ് കൃഷിയും കൂണ് മൂല്യ വര്‍ധന ഉല്‍പ്പന്നങ്ങളും, സംരംഭകത്വ വികസനം, മുതലായ വിഷയങ്ങളില്‍ സെമിനാര്‍ നടത്തി. മേളയുടെ അവസാന ദിനത്തില്‍ വിവിധ കലാപരിപാടികളോടുകൂടി മേള ഔദ്യോഗികമായി അവസാനിച്ചു.
