മംഗളൂരുവില്‍ ബജ്‌റംഗദള്‍ നേതാവിനെ വെട്ടിക്കൊന്നു; ദക്ഷിണകന്നഡ ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ഹാര്‍ത്താല്‍ ആരംഭിച്ചു

മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ ബജ്‌റംഗദള്‍ നേതാവിനെ വെട്ടിക്കൊന്നു.  സുഹാസ് ഷെട്ടി (30) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ മംഗളൂരുവിലെ ബാജ്‌പെയിയിലായിരുന്നു സംഭവം. കാറിലും പിക്കപ്പ് വാനിലുമായി എത്തിയ ആറംഗ സംഘം സുഹാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തുകയും സുഹാസിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപമുള്ള ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ബാജ്പെ പോലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. മംഗളൂരു നഗരത്തില്‍ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

2022 ജൂലൈയില്‍ സൂറത്കലില്‍ മുഹമ്മദ് ഫാസില്‍ എന്ന യുവാവിനെ തുണിക്കടയില്‍ കയറി വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയാണ് സുഹാസ് ഷെട്ടി. ഈ കേസില്‍ നിലവില്‍ ജാമ്യത്തിലാണ് സുഹാസ്. ബെള്ളാരെയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഫാസിലിനെ വെട്ടിക്കൊന്നത്. സുഹാസ് ഷെട്ടിയെ നടുറോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ദക്ഷിണകന്നഡ ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. വൈകുന്നേരം ആറുവരെയാണ് ബന്ദ്. കടകളെല്ലാം പൂര്‍ണ്ണമായും അടഞ്ഞുകിടക്കുന്നു. വാഹന സര്‍വ്വീസും നിലച്ചു. മംഗ്‌ളൂരു നഗരത്തില്‍ വെള്ളിയാഴ്ച്ച രാവിലെ റോഡിലിറങ്ങിയ സ്വകാര്യ ബസിനു നേരെ കല്ലേറുണ്ടായി. സംഘര്‍ഷത്തിനു സാധ്യത ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മംഗ്‌ളൂരു സിറ്റി പോലീസ് കമ്മിഷണര്‍ പരിധിയില്‍ 144 പ്രകാരവും ദക്ഷിണ കന്നഡയില്‍ പൊലീസ് ആക്ട്പ്രകാരവും നിരോധനാജ്ഞ ഏര്‍പ്പെടുത്തി. അക്രമ സംഭവങ്ങള്‍ തടയുന്നതിന് കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി കൂടുതല്‍ സായുധ പോലീസിനെ മംഗ്‌ളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു. അക്രമികള്‍ക്കായി തെരച്ചില്‍ തുടരുന്നു. പോലീസ് പരിശോധനയില്‍ കൊലപാതകത്തിനു ഉപയോഗിച്ചതെന്നു കരുതുന്ന ചോര പുരണ്ട കത്തി കണ്ടെടുത്തു. അതേ സമയം ബണ്ട്വാളില്‍ ഒരു യുവാവിന് വെട്ടേറ്റതായി റിപ്പോര്‍ട്ടുണ്ട്. വിവരമറിഞ്ഞ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്ത് ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബജ്പെയിലെ കൊലപാതകത്തെ തുടര്‍ന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആര്‍. ഹിതേന്ദ്ര മംഗ്‌ളൂരുവിലെത്തി.

error: Content is protected !!