കാഞ്ഞങ്ങാട് : ദേശീയപാതയില്‍ ഉപ്പള ഗേറ്റിനടുത്തു കാറും ഓട്ടോയും കൂട്ടിയിടിച്ച് മരണപ്പെട്ട ഓട്ടോ ഡ്രൈവര്‍ക്ക് നാടിന്റെ കണ്ണീര് പ്രണാമം.
ഇന്നലെ വൈകീട്ടാണ് കാഞ്ഞങ്ങാട് നിട്ടടുക്കം സ്വദേശി പി.മോഹനന് (52) മരിച്ചത്. മഞ്ചേശ്വരം ഭാഗത്തേക്ക് പോകുകയായിരുന്ന മോഹനന് ഓടിച്ച ഓട്ടോയില്‍ എതിര് ഭാഗത്തേക്ക് നിന്നു വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. മോഹനന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മാണം നടക്കുന്നതിനാല്‍ ഇരുഭാഗത്തു നിന്നുമുള്ള വാഹനങ്ങള്‍ ഒരേ ഭാഗത്തു കൂടിയാണ് കടത്തി വിടുന്നത്. ഇതാണ് അപകടത്തിന് കാരണമായത്.
ഇന്നലെ രാത്രി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി .
ഇന്ന് രാവിലെ കാഞ്ഞങ്ങാട് ബസ്റ്റാന്‍ഡ് സമീപത്തെ അനശ്വര ഓട്ടോ സ്റ്റാന്‍ഡില്‍ പൊതുദര്‍ശനത്തിന് വെച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം പി, ഇ ചന്ദ്രശേഖരന് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത, ഡിസിസി ജനറല്‍ സെക്രട്ടറി പി വി സുരേഷ്, വിവിധ സംഘടന പ്രതിനിധികളായ പി പി സുധാകരന്, പി വി ബാലകൃഷ്ണന്, എം കുഞ്ഞികൃഷ്ണന് കെ പി ബാലകൃഷ്ണന്, കുഞ്ഞിരാമന് കാട്ടുകുളങ്ങര, അഡ്വ. പി അപ്പുക്കുട്ടന്, കാറ്റാടി കുമാരന്,കെ രാഘവന്, എം തമ്പാന്, നെല്ലിക്കാട് കുഞ്ഞമ്പു, പ്രവീണ്‍ തോയമ്മല്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പരേതനായ പത്മനാഭന്റെയും പാര്‍വതിയുടെയും മകനാണ്. ഭാര്യ: ലത. മക്കള്‍: പാര്‍വതി (ബിഎസ്സി വിദ്യാര്‍ഥി, യേനപ്പോയ മെഡിക്കല്‍ കോളജ് മംഗളൂരു), അക്ഷത.
