വൈശാഖ നടനം ദേശീയ നൃത്യോത്സവത്തിന് ഗോകുലം ഗോശാലയില്‍ നാളെ തുടക്കം

പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന്റെ കീഴില്‍ രണ്ടാമത് വൈശാഖ നടനം നൃത്യോത്സവത്തിന് മെയ് ഒന്നിന് തിരശ്ശീല ഉയരും . മെയ് ഒന്ന് മുതല്‍ 11 വരെ രാവിലെ 9 മുതല്‍ രാത്രി 10 വരെ നീണ്ടുനില്‍ക്കുന്ന ദേശീയ നൃത്യോത്സവത്തില്‍ ആയിരത്തില്‍ പരം കലകാരന്മാര്‍ അണിനിരക്കും. പ്രശസ്ത നര്‍ത്തകി പത്മ വിഭൂഷണ്‍ ഡോ. പത്മാസുബ്രഹ്‌മണ്യത്തിന്റെ നിര്‍ദ്ദേശാനുസാരം നടക്കുന്ന ഈ നൃത്യോത്സവത്തില്‍ കേരളം, കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര , മദ്ധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും സിങ്കപ്പൂര്‍ , ദുബായ് മുതലായ രാജ്യങ്ങളില്‍ നിന്നും കലാകാരന്മാര്‍ പങ്കെടുക്കുന്നുണ്ട്.

ഭരതനാട്യം, ഭരതനൃത്യം, മോഹിനിയാട്ടം, കുച്ചുപ്പുഡി , കേരള നടനം, കഥക്, എന്നീ നൃത്യരൂപങ്ങളും കേരളത്തിന്റെ കൈകൊട്ടിക്കളിയും പതിനൊന്ന് ദിവസങ്ങളിലായി നിറഞ്ഞാടും. പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ നവ്യാ നായര്‍, രചന നാരായണന്‍ കുട്ടി, മഹതി കണ്ണന്‍, നിരൂപമ രാജേന്ദ്രന്‍ ദമ്പതികള്‍, സ്വാമിമലൈ കെ എസ് സുരേഷ്, പാര്‍ശ്വനാഥ് ഉപാദ്ധ്യായ, ആനന്ദ് സച്ചിദാനന്ദന്‍ മുംബൈ, സുജാത നായര്‍ മുംബൈ തുടങ്ങി നിരവധി കലാകാരന്മാര്‍ തങ്ങളുടെ നൃത്യകലയെ ഗോക്കള്‍ക്ക് സമര്‍പ്പിക്കുവാനായി ഗോശാലയില്‍ എത്തിച്ചേരും. ഇത്തവണ മൊത്തം ആയിരത്തി മുന്നൂറിലേറെ കലാകാരന്മാരാണ് ഇത്തവണ ഗോശാലയില്‍ നൃത്യം അവതരിപ്പിക്കുക. നാടന്‍ പശുക്കളുടെ സംരക്ഷണവും നൃത്ത സംഗീതാദി കലകളും സംഗമിക്കുന്ന ഒരേ ഒരു സ്ഥലമായി വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ച ഗോശാലയില്‍ തങ്ങളുടെ കലകള്‍ സമര്‍പ്പിക്കാനായി ഇനിയും അവസരം കാത്തു നില്‍ക്കുന്നത് ആയിരക്കണക്കിന് കലാകാരന്മാരാണ്. നൃത്യോത്സവം മെയ് ഒന്നിന് രാവിലെ 9 മണിക്ക് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കേരള വൈസ് ചാന്‍സലര്‍ സിദ്ദു അല്‍ഗൂര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ആദ്യ ദിവസം രാത്രി എട്ട് മണിക്ക് പ്രശസ്ത സിനിമാ താരം നവ്യാ നായര്‍ ഭരതനാട്യം അവതരിപ്പിക്കും. കലാകാരന്മാരെയും കലാസ്വാദകരെയും സ്വീകരിക്കുവാനായി ഗോകുലം ഗോശാല സജ്ജമായതായി ഗോശാല സ്ഥാപക ദമ്പതികളായ വിഷ്ണുപ്രസാദ് ഹെബ്ബാറും ഡോ. നാഗരത്നയുംഅറിയിച്ചു.

error: Content is protected !!