ഷാജി എന്‍ കരുണ്‍ തൊട്ട ഫൗണ്ടന്‍ പേനയുടെ ഓര്‍മ്മയില്‍

പ്രഭാ അജാനൂര്‍

 

ലോക സിനിമയില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണ്‍ അരങ്ങ് ഒഴിയുമ്പോള്‍ വടക്കന്‍ കേരളം ഓര്‍മ്മിക്കുന്നത് അദ്ദേഹത്തിന്റെ ആദ്യ സിനിമയെക്കുറിച്ചായിരിക്കും. 1987-88 ലാണ് പിറവി എന്ന സിനിമ പുല്ലൂര്‍ മാക്കരം കോട്ട് മനയിലും ഇരിയ ഇല്ലത്തും പരിസരങ്ങളിലും പിറവി കൊണ്ടത്. പ്രകൃതിയുടെ അപാരമായ ധ്യാനത്തെയും കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങളെയും സമന്വയിപ്പിച്ച് ഷാജി.എന്‍. കരുണ്‍ എന്ന സംവിധായകന്‍ ചിത്രീകരിക്കുമ്പോള്‍ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. അന്ന് വടക്കന്‍ കേരളത്തിന് സിനിമാ ചിത്രീകരണം സുപരിചിതമായിരുന്നില്ല. പ്രേംജിയെയും മുല്ലനേഴി മാഷിനെയും പരിചയപ്പെടാന്‍ സംവിധായകന്‍ അവസരമൊരുക്കി തന്നു.
ഷുട്ടിങ്ങിന്റെ ഇടവേളയില്‍ ഒരിക്കല്‍ ഷാജി സാറ് ലേറ്റസ്റ്റ് ഓഫീസിലേക്ക് വന്നു. സ്റ്റേറ്റ് ബാങ്കിന്റെ പഴയ കെട്ടിടത്തിന് എതിര്‍ വശമായിരുന്നു അന്ന് ലേറ്റസ്റ്റ് പ്രവര്‍ത്തിച്ചിരുന്നത്. സംസാരത്തിനിടയില്‍ ഷാജി സാറ് എന്റെ കയ്യിലുണ്ടായിരുന്ന ലീഡര്‍ എന്ന ഫൗണ്ടന്‍ പേന ശ്രദ്ധിച്ചു, പിന്നെ കൗതുക പൂര്‍വം അതെടുത്തു നോക്കി. സാറ് എടുത്തോളൂ എന്ന പറഞ്ഞപ്പോള്‍ പോക്കറ്റില്‍ വെച്ചു. പെട്ടെന്ന് എന്തോ ഓര്‍ത്തത്തിട്ടെന്ന പോലെ പതിയെ ചോദിച്ചു എവിടുന്ന് കിട്ടി എന്ന് ,.ഞാന്‍ പറഞ്ഞു എന്റെ സുഹൃത്ത് സമ്മാനമായി തന്നതാണ് എന്ന്. പെട്ടെന്ന് സാറ് ആ പേന എന്റെ പോക്കറ്റില്‍ തന്നെ തിരികെ വെച്ചു. സമ്മാനമല്ലെ സൂക്ഷിച്ചു വെച്ചോളൂ എന്ന് പറഞ്ഞു. നിര്‍ബന്ധി ച്ചിട്ടും പേന വാങ്ങിയില്ല ഇതിനെല്ലാം സാക്ഷി പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത്. മുപ്പത്തിയെട്ട് കൊല്ലം മുമ്പെയുള്ള ഓര്‍മ്മ. പിറവി ചിത്രീകരിക്കുമ്പോള്‍ ഓര്‍ത്തില്ല ലോക പ്രശസ്തമായൊരു സിനിമയാണ് മാക്കരം കോട്ട് മനയില്‍ പിറവി കൊള്ളുന്നത് എന്ന്. ലോക പ്രശസ്ത ചലച്ചിത്രകാരന് ആദരാജ്ഞലികള്‍

error: Content is protected !!