കാഞ്ഞങ്ങാട് : വികസന കാര്യത്തില്‍ അലംഭാവം കാണിച്ചവരാണ് യു.ഡി.എഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2016 ന് മുമ്പുള്ള കാലഘട്ടം ചിന്തിച്ചു നോക്കണം. ശാപവാക്ക് പറയുന്ന ജനങ്ങള്‍, ഒരു മേഖലയിലും നമ്മുടെ നാട് മുന്നോട്ട്് പോകുന്നില്ലയെന്ന് പറയുന്നവര്‍, എങ്ങനെ നാടിനെ മാറ്റാന്‍ കഴിയുമെന്ന എല്‍ഡിഎഫിന്റെ പ്രകടന പത്രിക അംഗീകരിച്ച ജനങ്ങളാണ് എല്‍ ഡി എഫിനെ അധികാരത്തില്‍ എത്തിച്ചത്.
വിദ്യാഭ്യാസ- ആരോഗ്യം മേഖലയില്‍ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാറിന് സാധിച്ചു. ആരോഗ്യ മേഖലയിലെ കേരളത്തിന്റെ മുന്നേറ്റം ലോക രാഷ്ട്രങ്ങള്‍ അംഗീകരിച്ച കാഴ്ചയാണ് നമ്മള് കണ്ടത്. ആര്‍ദ്ര മിഷന് വഴി വന്‍ മുന്നേറ്റം നടത്താന്‍ സംസ്ഥാനത്തിന് സാധിച്ചു. ഇതു വഴി കോവിഡ് മുന്നില്‍
കേരളത്തിന് മുട്ടുമടക്കേണ്ടി വന്നില്ല. 2016 ന് മുമ്പ് 5 ലക്ഷത്തിലധികം കുട്ടികളാണ് സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് കൊഴിഞ്ഞു പോയത്. ഇന്ന് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 10 ലക്ഷത്തിലധികം കുട്ടികള്‍ പുതിയതായി സര്‍ക്കാര്‍ സ്ക്കൂളില്‍ പഠിക്കുന്നുണ്ട്. കേരളത്തില്‍
നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് നാഷണല്‍ ഹൈവയും ഗ്യാസ് പൈപ്പ്ലൈനും നടപ്പിലാക്കാന്‍ എല്‍ ഡി എഫ് ഭരണത്തില്‍
സാധിച്ചു. കിഫ്ബി വഴി 90000 കോടിയുടെ വികസനം പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറും. നവ കേരള യാത്ര സങ്കല്‍പ്പമല്ല അത് യാഥാര്‍ത്ഥ്യമാക്കും. ഈ യാത്രയില്‍ എല്ലാവരും കൂടെയുണ്ടാകണമെന്നും മുഖ്യമന്ത്രി
പറഞ്ഞു.
നോര്‍ത്ത് കോട്ടച്ചേരിയില്‍ നടന്ന എല്‍ഡിഎഫ് ബഹുജനറാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇ . ചന്ദ്രശേഖരന് എം എല്‍ എ അധ്യക്ഷനായി. റവന്യൂ മന്ത്രി കെ രാജന്,വനം വകുപ്പ് മന്ത്രി എ കെ ശശിന്ദ്രന്, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി തുടങ്ങി എല്‍ ഡി എഫിലെ ഘടക കക്ഷി ജില്ലാ ഭാരവാഹികള്‍ തുടങ്ങി നിരവധി പേര് സംബന്ധിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ് ചന്ദ്രന് സ്വാഗതം പറഞ്ഞു.
