കിളിയളം പാലത്തിന്റെയും റോഡിന്റെയും ഉദ്ഘാടനം ഏപ്രില്‍ 22 ന്; കിളിയളത്ത് ചേരുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും

നീലേശ്വരം: കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലേയും കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തിലെയും ജനങ്ങളുടെ വളരെക്കാലത്തെ സ്വപ്നമായിരുന്ന പണി പൂര്‍ത്തീകരിച്ച കിളിയളം പാലത്തിന്റെയും റോഡിന്റെയും ഉദ്ഘാടനം ഏപ്രില്‍ 22 ന് ചൊവ്വാഴ്ച 11 മണിക്ക് കിളിയളത്ത് ചേരുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കാഞ്ഞങ്ങാട് എം.എല്‍.എ ഇ.ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി വിശിഷ്ടാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍,ജില്ലാകലക്ടര്‍ ഇ.ഇമ്പശേഖര്‍ ഐ.എഎസ്, , മുന്‍ എം.പി പി.കുരുണാകരന്‍ എന്നിവര്‍ മുഖ്യതിഥികളായി പങ്കെടുക്കും. കെ.ആര്‍.എഫ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ജയ.കെ.ആര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പ്രതിനിധികളും ആശംസകളര്‍പ്പിക്കും. 25.14 കോടി രൂപ റോഡ് നവീകരണത്തിനും 3.87 കോടി രൂപ പാലം നിര്‍മ്മാണത്തിനുമാണ് കരാറായത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ തന്നെ ഈ തുക അനുവദിച്ച് കിട്ടി. കിഫ്ബി പദ്ധതിയുടെ മാനദണ്ഡങ്ങള്‍ ക്കനുസരിച്ചാണ് കിളിയളം മുതല്‍ കമ്മാടം വരെ 10 മീറ്റര്‍ വീതിയിലും 10 കി.മീ നീളത്തിലും മെക്കാഡം ടാര്‍ പൂര്‍ത്തിയായി. പതിനഞ്ചോളം കള്‍ബര്‍ട്ടുകളും ഡ്രെയിനേജ് ഉള്‍പ്പെടെയുള്ള റോഡാണ് പൂര്‍ത്തിയായത്. 10 മീറ്റര്‍ ഉയരവും 70 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുളള മനോഹരമായ പാലമാണ് പൂര്‍ത്തിയായത്. കെ.ആര്‍.എഫ് ന്റെ നേതൃത്വത്തിലാണ് പണി പൂര്‍ത്തിയാക്കിയത്. കിളിയളം ചാങ്ങാട്, പുതുക്കുന്ന്, വട്ടക്കല്ല്, വരഞ്ഞൂര്‍, ബാനം, കമ്മാടം, പരപ്പ പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഈ റോഡും പാലവുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി, വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.അജിത്കുമാര്‍, മെമ്പര്‍മാരായ കെ.യശോദ, ഉമേശന്‍ വേളൂര്‍, കൂടാതെ കെ.ലക്ഷ്മണന്‍, കെ.എന്‍.പുഷ്പരാജന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍അറിയിച്ചു.

error: Content is protected !!