കാഞ്ഞങ്ങാട് : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ല മാലിന്യമുക്തമായി. കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ജില്ലാതല പ്രഖ്യാപനം നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന് എം.പി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വിദ്യാസമ്പന്നരായ കേരളീയര്‍ വ്യക്തി ശുചിത്വത്തിനെന്നപോലെ പരിസര ശുചിത്വത്തിനും പ്രാധാന്യം നല്‍കണമെന്ന് എം.പി പറഞ്ഞു. ആരോഗ്യവും വിദ്യാഭ്യാസവും പരസ്പരപൂരകമാണെന്നും അതുകൊണ്ടുതന്നെ ശുചിത്വത്തിന്റെ കാര്യത്തില്‍ ഓരോരുത്തര്‍ക്കും സ്വയം അവബോധം ഉണ്ടാകാണമെന്നും അദ്ദേഹം ചൂണ്ടി കാട്ടി. മാലിന്യ സംസ്ക്കരണ മേഖലിയില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിതകര്‍മ്മ സേനാംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അത് നാം പാലിക്കണമെന്നും എം.പി പറഞ്ഞു.
മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ ഓരോരുത്തരുടെയും മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കുട്ടികളില്‍ ശുചിത്വം ബോധം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി പാഠ്യപദ്ധതിയില്‍ പരിസര ശുചിത്വ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ചന്ദ്രശേഖരന് എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷ വഹിച്ചു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജി.സുധാകരന് എന്നിവര്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കാസര്‍കോട് നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ എസ് എന്‍ സരിത, ഗ്രാമപഞ്ചായത്ത് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം, പഞ്ചായത്ത് അസോസിയേഷന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി കെ രവി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍സ് ജില്ലാ സെക്രട്ടറി അഡ്വ എ പി ഉഷ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാദര്‍ ബദരിയ ജില്ലാ പഞ്ചായത്ത് മെമ്പര്‍മ്മാരായ സി ജെ സജിത്ത്, ജാസ്മിന് കബീര്‍, ഷൈലജ ഭട്ട്, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോഡിനേറ്റര്‍ കെ ബാലകൃഷ്ണന്, കെ.എസ്.ഡബ്ല്യു.എം.പി ഡെപ്യൂട്ടി ജില്ലാ കോഡിനേറ്റര്‍ മിഥുനം കൃഷ്ണന്, സി.കെ.സി.എല്‍ ജില്ലാ മാനേജര്‍ മിഥുന് ഗോപി എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ സ്വാഗതവും ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി ജയന് നന്ദിയും പറഞ്ഞു.
മാലിന്യ സംസ്ക്കരണത്തിലെ മുന്നേറ്റം നാടിന്റെ അഭിവൃദ്ധിയുടെ സൂചകം; ചീഫ് സെക്രട്ടറി
മാലിന്യ സംസ്ക്കരണ രംഗത്ത് നാം ഇനിയും മുന്നേറേണ്ടിയിരിക്കുന്നുവെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പറഞ്ഞു. ചടങ്ങില്‍ മുഖ്യാധിയായി പങ്കെടുക്കുകയായിരുന്നു അവര്‍. ഘട്ടം ഘട്ടമായുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടത്തി വരുന്നത്. ഒരു കാലത്ത് വെളിയിട വിസര്‍ജ്ജനത്തിനെതിരെ ക്യാമ്പയിനുകള്‍ നടന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജന മേഖലയില്‍ ഹരിതകര്‍മ്മ സേന, ക്ലീന്‍ കേരള കമ്പനി, എം.സി.എഫ്, ആര്.ആര്.എഫ്, ഡബിള്‍ ചേമ്പര്‍ ഇന്‍സിനേറ്റര്‍ തുടങ്ങി വിവിധ ഉപാധികള്‍ ഉപയോഗിച്ച് വരികയാണ് കേരളം.
മാലിന്യം കൈകാര്യം ചെയ്യുന്ന രീതി ഒരു നാടിന്റെ അഭിവൃദ്ധിയുടെ ലക്ഷണമാണെന്നും അത് നല്ല രീതിയില്‍ നടത്താന്‍ നമ്മുടെ നാടിനു കഴിയുന്നുണ്ടെനന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കൂടാതെ വയനാട് ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മണ്ണിനടിയല്‍ അകപ്പെട്ട വീടുകള്‍ കണ്ടെത്തുന്നതിന് വരെയും ഹരിതമിത്രം ആപ്പ് നിര്‍ണ്ണായകമായെന്നും കൃത്യവും ആധികാരികവുമായ വിവരങ്ങള്‍ നല്‍കുന്നതിന് ഹരിതമിത്രം ആപ്പിലൂടെ സാധിച്ചു. പരിമിതമായ സാഹചര്യങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ഹരിത അവാര്‍ഡുകളുടെ നിറവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി മടിക്കൈ, മുനിസിപ്പാലിറ്റിയായി കാഞ്ഞങ്ങാട്, ബ്ലോക്ക് പഞ്ചായത്തായി നീലേശ്വരം തിരഞ്ഞെടുത്തു. ദ്രവ മാലിന്യ സംസ്കരണ ഉപാധികളില്‍ , വലിയപറമ്പ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്ക പെട്ട പ്പോള്‍, മാലിന്യ സംസ്കരണ അടിസ്ഥാന സൗകര്യങ്ങളില്‍ മികച്ച പിന്തുണ നല്‍കിയതിന് കാസറഗോഡ് ജില്ലാ പഞ്ചായത്തിനെ പ്രത്യേക പുരസ്കാരത്തിന് അര്‍ഹരാക്കി. ഏറ്റവും മികച്ച സി.ഡി.എസ് ആയി നീലേശ്വരം നഗരസഭയും, മികച്ച എം.സി.എഫ് ആയി തൃക്കരിപ്പൂറും തെരഞ്ഞെടുത്തു. ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യമായി ഗ്രാമപഞ്ചായത്ത് തലത്തില്‍ കിനാനൂര്‍ കരിന്തളവും നഗരസഭ തലത്തില്‍ കാഞ്ഞങ്ങാടും വിജയം നേടി. നഗരസഭ തലത്തില്‍ ശുചിത്വ ടൗണ്‍ ആയി കാസര്‍കോട്് നഗരസഭയും, ഗ്രാമപഞ്ചായത്ത് തലത്തില്‍ മികച്ച ടൗണ്‍ ആയി വെള്ളരിക്കുണ്ട് (ബളാല്‍) പഞ്ചായത്തും തിരഞ്ഞെടുത്തു. നഗരസഭ തലത്തില്‍ മികച്ച എം.സി.എഫ് ആയി വീണ്ടും നീലേശ്വരം നഗരസഭയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹരിത വിദ്യാലയമായി ഗവ. യു.പി. സ്കൂള്‍ പാടിക്കീല്, പിലിക്കോടും, ഹരിത കലാലയമായി ഗവ. കോളേജ് കാസര്‍കോടും, മികച്ച എന്‍.എസ്.എസ് യൂണിറ്റായി ജി.എച്ച്.എസ്.എസ് കുട്ടമത്തും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ടൂറിസം കേന്ദ്രമായി ബേക്കല്‍ പള്ളിക്കര ബീച്ചിനെയും തിരഞ്ഞെടുത്തു. വാതില്‍പ്പടി ശേഖരണത്തില്‍ മികച്ച ഗ്രാമപഞ്ചായത്തായി ബദിയഡുക്കയും, നഗരസഭയായി നീലേശ്വറവും തെരഞ്ഞെടുക്കപ്പെട്ടു. ഗാര്‍ഹിക ഉറവിട ജൈവ മാലിന്യ സംസ്കരണ ഉപാധികള്‍ സ്ഥാപിച്ച മികച്ച ഗ്രാമപഞ്ചായത്തായി ബദിയഡുക്കയും, നഗരസഭയായി കാഞ്ഞങ്ങാടും തെരഞ്ഞെടുക്കപ്പെട്ടു. ഹരിതവിദ്യാലയ പദവിയില്‍ മികച്ച ഗ്രാമപഞ്ചായത്തായി പിലിക്കോടും, നഗരസഭയായി കാഞ്ഞങ്ങാടും, ഹരിത കലാലയ പദവിയില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്തും കാസര്‍കോട് നഗരസഭയും വിജയം നേടി. ഹരിത ടൗണ്‍ പദവിയില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തും കാഞ്ഞങ്ങാട് നഗരസഭയും, ഹരിത പൊതു സ്ഥല പദവിയില്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്തും നീലേശ്വരം നഗരസഭയും മുന്നില്‍ നിന്നു. എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനത്തില്‍ മികച്ച ഗ്രാമപഞ്ചായത്തായി വൊര്ക്കാടിയെയും തിരഞ്ഞെടുതത്തു. മികച്ച റെസിഡന്‍ഷ്യല്‍ അസോസിയേഷനായി ബോവിക്കാനത്തെ തേജസും, ഹരിത സ്ഥാപനം പദവിയില്‍ മികച്ച ഗ്രാമപഞ്ചായത്തായി ചെങ്കളയും, നഗരസഭയായി കാസര്‍കോടും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ശുചിത്വ സമുച്ചയമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുത്തപ്പോള്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മികച്ച പൊതുയിടം പിന്തുണയ്ക്കുന്നതില്‍ പ്രകടനം കാഴ്ചവെച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാന സൗകര്യ വികസനത്തില്‍ നല്കിയ പങ്കാ ണ് പുരസ്കാരത്തിന് അര്‍ഹമായത്. മികച്ച പൊതുയിടം പുരസ്കാരം കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തും മികച്ച ടൗണ്‍ പുരസ്കാരം ഉദുമക്കും ലഭിച്ചു.
മികച്ച ടൂറിസം ഹരിത ചട്ടം നടപ്പാക്കിയതിന് പള്ളിക്കരക്ക്, കുട്ടികളുടെ ഹരിത കര്മ്മസേനമായി പുല്ലൂര്‍ പെരിയക്ക്, മികച്ച സിസിടിവി സംവിധാനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ചെമ്മനാടിനും അംഗീകാരം ലഭിച്ചു. വൃത്തിയുള്ള പൊതുയിടം കാത്തുസൂക്ഷിച്ചതിന് ഈസ്റ്റ് എളേരിയേയും, വാതില്‍പ്പടി ശേഖരണത്തില്‍ കാറഡുക്കയെയും പുരസ്കാരത്തിന് തിരഞ്ഞെടുത്തു.
വ്യക്തിഗതമായി ഹരിതപ്രവര്ത്തനങ്ങളില് സജീവ പങ്കാളിത്തം കാഴ്ച വെച്ചതിന്് ബദിയഡുക്ക ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേന്ദ്രന് സി, തൃക്കരിപ്പൂര്‍ വി.ഇ.ഒ പ്രസൂണ്‍ എസ്.കെ, വൊര്‍ക്കാടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജാസ്മിന് പി.കെ എന്നിവര്‍ക്ക് പ്രത്യേക പുരസ്കാരങ്ങള്‍നല്‍കി
