കാത്തിരിപ്പിന് നാല് പതിറ്റാണ്ടിന്റെ പഴക്കം : നീലേശ്വരം താലൂക്ക് പ്രഖ്യാപനം ഇഴയുന്നു

നീലേശ്വരം : നീലേശ്വരം താലൂക്ക് പ്രഖ്യാപനം ഇഴയുന്നു. നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന നീണ്ടകാലത്തെ ആവശ്യത്തിന് പ്രതീക്ഷ നല്‍കി ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഹൊസ്ദുര്‍ഗ് താലൂക്ക് തഹസില്‍ദാര്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടുകയും ഐക്യകണ്‌ഠേന നീലേശ്വരം താലൂക്ക് യാഥാര്‍ത്ഥ്യമാക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. നീലേശ്വരം താലൂക്ക് ഓഫീസിന് ആവശ്യമായ കെട്ടിടം ഉള്‍പ്പെടെ എല്ലാ സൗകര്യവും ചെയ്തു നല്‍കുവാന്‍ തയ്യാറാണെന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി വി ശാന്തയും കളക്ടര്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. പതിനഞ്ചോളം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്ത യോഗം കഴിഞ്ഞു മാസം രണ്ട് കഴിഞ്ഞെങ്കിലും നീലേശ്വരം താലൂക്ക് പ്രഖ്യാപനം ഇഴയുകയാണ്.

പുതിയ സിവില്‍ സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ താലൂക്ക് ഓഫീസിനായി പുതിയ നഗരസഭ ഓഫീസോ പഴയ നഗരസഭ ഓഫീസോ താല്‍ക്കാലികമായി ഉപയോഗിക്കാവുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടിയ തഹസില്‍ദാര്‍ നീലേശ്വരം താലൂക്കിനായി അനുകൂല റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയതോടെ എപ്പോള്‍ താലൂക്ക് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് നീലേശ്വരത്തുകാര്‍. കഴിഞ്ഞ ബജറ്റില്‍ താലൂക്ക് പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതും ഉണ്ടായില്ല. പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് നീലേശ്വരം ആസ്ഥാനമായി താലൂക്ക് വേണമെന്ന ആവശ്യം. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് മത്സരിച്ചു ജയിച്ച നീലേശ്വരം മണ്ഡലത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ നീലേശ്വരം താലൂക്ക് രൂപീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതിനായി താലൂക്ക് രൂപീകരിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ അദ്ദേഹം കമ്മീഷനെ വച്ചിരുന്നു. പിന്നീട് കാസര്‍കോട് ജില്ല രൂപീകരിക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനും നീലേശ്വരം താലൂക്ക് രൂപീകരിക്കുമെന്ന് താലൂക്ക് ആക്ഷന്‍ കമ്മിറ്റിക്ക് വാഗ്ദാനം നല്‍കുകയുണ്ടായി.

ജില്ല രൂപീകരിക്കുമ്പോള്‍ കാസര്‍കോട്, ഹോസ്ദുര്‍ഗ് എന്നീ രണ്ട് താലൂക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് മഞ്ചേശ്വരത്തും വെള്ളരിക്കുണ്ടിലും താലൂക്ക് രൂപീകരിച്ചപ്പോഴും നീലേശ്വരം താലൂക്ക് എന്ന ആവശ്യം അവഗണിക്കപ്പെടുകയായിരുന്നു. നീലേശ്വരം ആസ്ഥാനമായി താലൂക്ക് അനുവദിക്കണമെന്ന് നാലു കമ്മിഷനുകള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും മാറി മാറി വന്ന സര്‍ക്കാരുകള്‍ ഈ റിപ്പോര്‍ട്ടിനെ അവഗണിക്കുകയായിരുന്നു. ചെറുവത്തൂര്‍, പടന്ന, തൃക്കരിപ്പൂര്‍, പിലിക്കോട്, വലിയപറമ്പ, കയ്യൂര്‍-ചീമേനി, മടിക്കൈ തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളും, നീലേശ്വരം നഗരസഭയും ഉള്‍പ്പെടുത്തിയാണ് നീലേശ്വരം താലൂക്ക് രൂപീകരിക്കേണ്ടതെന്നാണ് കളക്ടര്‍ സര്‍ക്കാറിന് നല്‍കിയറിപ്പോര്‍ട്ട്.

error: Content is protected !!