ഹൊസ്ദുര്‍ഗ്ഗ്: ആള്‍ക്കൂട്ടത്തിന്റെ സങ്കടങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും മറുമരുന്നായി, കാലുഷ്യമില്ലാത്തെ ഒരു നാളെയുടെ സ്വപ്നവും സാന്ത്വനവുമായി ചിത്രങ്ങള്‍. ശ്യാമശശിയുടെ ജലച്ചായ ചിത്രങ്ങള്‍ എല്ലാവരുടെയും സ്നേഹത്തെയും സൗഹൃദങ്ങളെയും ചേര്‍ത്തുവെക്കുകയാണ്. ഈ നിറങ്ങള്‍ എല്ലാ മനുഷ്യ വിഭാഗങ്ങളുടം പരസ്പരം സ്നേഹിക്കണമെന്ന് വിളംബരം ചെയ്യുന്നു. പ്രകൃതിയുടെ നിറങ്ങള്‍, പ്രകൃതിയിലെ മനുഷ്യമനസ്സിനെ കീഴടക്കുന്ന കാഴ്ച. കാഞ്ഞങ്ങാട് ലളിത കലാഅക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന പ്രശസ്ത ചിത്രകാരനും ശില്പിയും അധ്യാപകനുമായ ശ്യാമശശിയുടെ 25ഓളം ചിത്രങ്ങളുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. മുന്‍മന്ത്രിയും മികച്ച പ്രഭാഷകനുമായ ബിനോയ് വിശ്വമാണ്.സമൂഹത്തിലെ മറിവേറ്റ മനസ്സുകള്‍ സാന്ത്വനമാവാന്‍ ഈ നിറങ്ങള്‍ക്കു കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഇരുപതുവര്‍ഷമായി ശ്യാമശശിനടത്തുന്നയാത്രകള്‍, ജനപഥങ്ങള്‍ തേടിയുള്ള യാത്രകളുടെ ഭാഗം കൂടിയാണ് ഈ ചിത്രങ്ങള്‍. ആ യാത്രയുടെയും ജീവിതങ്ങളുടെയും നിറങ്ങള്‍. കേരളം മുതല്‍ കാശ്മീര്‍ വരെയുള്ള പ്രകൃതിയുടെ വ്യത്യസ്തത. ഹംപി, ഹിമാലയം, നേപ്പാള്‍, കാഠ്മണ്ഡു,ജമ്മുകാശ്മീര്‍, ഈ അടുത്തായി സുഹൃത്തും ചിത്രകാരനുമായ മോഹന്‍ ചന്ദ്രനൊപ്പം നടത്തിയ കൊല്‍ക്കൊത്ത യാത്ര, അങ്ങിനെ പല ചിത്രങ്ങളും യാത്രയുടെയും യാത്രയുടെയും ചിത്രങ്ങളാണെന്ന് ശശി പറയുന്നു. പൊതുജനത്തോട് പറയാനുള്ളത് നേരിട്ട് പറയുക, അവര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവുന്ന രീതിയില്‍ ആയിരിക്കണ ഓരോ ചിത്രങ്ങളുടെയും ആവിഷ്‌ക്കാരമെന്നും ഉള്ള ആത്മാര്‍ത്ഥ ബോധമാണ് പലപ്പോഴും പ്രദര്‍ശനങ്ങളില്‍ നിന്നും ഇക്കാലമത്രയും മാറിനിന്നത്. അത് ആഴവും പരപ്പുമുള്ളതായിരിക്കണമെന്നും തോന്നി. ജലച്ചായം വളരെ ഗൗരവമായി കാണേണ്ടുന്ന ഒന്നാണ്. അത് ലാഘവബുദ്ധിയോടുള്ള ഒന്നല്ല. ചെയ്യുന്നത് സൂക്ഷമമായിരിക്കണം. അത് ജീവിതത്തിലും കലയിലും. ദേശീയ നേതാക്കളുടെ ശില്പ നിര്‍മ്മാണത്തിലൂടെയാണ് ശ്യാമശശി ശ്രദ്ധേയനാവുന്നത്. സംഗീതവും ചിത്രകലയും ശില്പനിര്‍മ്മാണവും സ്വായത്തമാക്കിയ കാഞ്ഞങ്ങാട്സൗത്ത് കൊവ്വല്‍ സ്റ്റോറിലെ ശ്യാമ ശശിയുടെ കലായാത്രയിലെ വേറിട്ട വഴികളാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.
ജില്ലയിലെ പല ഭാഗങ്ങളിലുള്ള സ്‌കൂളുകളിലും സ്വകാര്യ ശേഖരങ്ങളിലും ശ്യാമശശിയുടെ ചിത്രങ്ങളുണ്ട്. ധ്യാനനിരതനായിരിക്കുന്ന ഗാന്ധിജി, നെഹ്റു, തുടങ്ങിയ ദേശീയ നേതാക്കന്‍മാരുടെ ശില്പങ്ങള്‍ ഏറെ പ്രശംസ പിടിച്ചു പറ്റി. ഹൊസ്ദുര്‍ഗ്ഗ് നെഹ്റുമൈതാനിയില്‍ സ്ഥാപിച്ച ജവഹര്‍ലാല്‍ നെഹറുവിന്റെ അര്‍ദ്ധകായ പ്രതിമ ആവിഷ്‌ക്കാര ഭംഗികൊണ്ട് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഹൊസദുര്‍ഗ്ഗ് പാര്‍ക്കിലെ സ്വാതന്ത്ര സമര സേനാനി സ്വര്‍ഗ്ഗീയ എ.സി. കണ്ണന്‍നായരുടെ അര്‍ദ്ധകായ പ്രതിമയും ശശിമാഷുടെ കലാവിരുതിന്റെ ഉത്തമ ഉദാഹരണമാണ്. നിര്‍മ്മാണ കാലത്തു തന്നെ ഏറെ പ്രശംസ പിടിച്ചു പറ്റിയ സിമന്റ് ശില്പമാണിത്. അമ്പലത്തറ ഗവ.ഹൈസ്‌ക്കൂളിലെ ചിത്രകലാദ്ധ്യാപകനായിരിക്കെ ഇദ്ദേഹം സ്‌കൂള്‍ അങ്കണത്തില്‍ തീര്‍ത്ത പാര്‍ക്കില്‍ പുസ്തകം വായിക്കുന്ന കുട്ടിയുടെയും ധ്യാന നിരതനായ രാഷ്ട്രപിതാവിന്റെയും ശില്പങ്ങള്‍ തീര്‍ത്തിട്ടുണ്ട്. കാഞ്ഞങ്ങാട് സൗത്ത് ഗവ.ഹൈസ്‌കൂളില്‍ തീര്‍ത്ത ധ്യാനാവസ്ഥയിലുള്ള ഗാന്ധി പ്രതിമ ഇപ്പോഴും ആസ്വാദകരെ ആകര്‍ഷിക്കുന്നുണ്ട്. ജില്ലയിലെ നിരവധി സ്‌കൂളുകളിലെ പെഡഗോജി പാര്‍ക്കുകളിലെല്ലാം ശശിമാഷ് ശില്പങ്ങള്‍ തീര്‍ത്തിട്ടുണ്ട്. പാലക്കുന്നിലെ ഒരു കല്യാണ മണ്ഡപത്തിന് മുന്നില്‍ തീര്‍ത്ത വലിപ്പമുള്ള ശംഖും ശ്യാമശശിയുടെ ശില്പനിര്‍മ്മാണ ചാതുരി വിളിച്ചോതുന്നതാണ്. നിരവധി സോവനീറുകള്‍ക്കും പുസ്തകങ്ങള്‍ക്കും കവര്‍ഡിസൈന്‍ നടത്തുകയും രേഖാചിത്രങ്ങള്‍ വരക്കുകയും ചെയ്തിട്ടുണ്ട്.
പതിവ് വഴികളില്‍ നിന്ന് വേറിട്ട ഒരു രചനാ രീതിയാണ് പുസ്തകങ്ങള്‍ക്ക് കവര്‍ ചെയ്യുന്നതിന് അവലംബിക്കാറുള്ളത്. കളിമണ്ണില്‍ ശില്പങ്ങളുണ്ടാക്കി, പ്രത്യേക രീതിയില്‍ വെളിച്ചം വിതാനിച്ച്അവയുടെ ഫോട്ടോഗ്രാഫുകളെടുത്താണ് മിക്ക ഡിസൈനുകളും ചെയതിട്ടുള്ളത്. അത് കൊണ്ട് തന്നെ കലാവിദ്ഗദ്ധരുടെ പ്രശംസകള്‍ നേടാന്‍ ഈ കലാകാരന് കഴിഞ്ഞിട്ടുണ്ട്. നിരവധി യുവജനോത്സവങ്ങള്‍ക്ക് സര്‍ട്ടിഫിക്കേറ്റുകള്‍ രൂപകല്പന ചെയ്തിട്ടുണ്ട്. ശ്യാമശശിയുടെ അവാര്‍ഡ് ശില്പങ്ങളും പ്രശസ്തമാണ്. പ്രശസ്ത ചിത്രകാരന്‍ പി.എസ് കരുണാകരന്റെ തലശ്ശേരി സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകല പഠിക്കുമ്പോള്‍ തന്നെ കണ്ണൂര്‍ ശ്രീശൈലം നാട്യകലാലയത്തിന്റെ നാടകങ്ങള്‍ക്ക് രംഗപടങ്ങളൊരുക്കുകയും അഭിനയവും ചമയങ്ങളുമായി കലാജിവിതം തുടങ്ങുകയായിരുന്നു. പകല്‍ ചിത്രകലാ പഠനവും രാത്രി നാടക പ്രവര്‍ത്തനവുമായി. 22-ാം വയസ്സിലാണ് നീലേശ്വരത്ത് ശ്യാമചിത്രകലാവിദ്യാലയം തുടങ്ങിയത്. അങ്ങിനെയാണ് കൊവ്വല്‍ സ്റ്റോറിലെ പി.വി. ശശിധരന്‍ എന്ന ചിത്രകാരന്‍ ശ്യാമശശിയായത്. ചായവും ചമയവും സംഗീതവുമായി നാടകക അരങ്ങുകളെ സജ്ജീവമാക്കി. സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും നാല്‍പതു വര്‍ഷങ്ങള്‍ പിന്നിട്ട ഈ സ്ഥാപനത്തില്‍ നിന്ന് ചിത്രകലയും സംഗീതവും പഠിച്ചിറങ്ങിയ പലരും ഇന്ന് നാടൊട്ടുക്കുമറിയുന്ന കലാകാരന്‍മാരാണ്. ചിത്രകലയെയും ശില്പകലയെയും സ്നേഹിച്ചതുപോലെത്തന്നെ സംഗീതത്തെയും ഇദ്ദേഹം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. തബല, ഹാര്‍മോണിയം, ഗഞ്ചിറ. പുല്ലാംങ്കുഴല്‍, മൃദംഗം, ഹാര്‍മോണിയം, ഘടം എന്നീ സംഗീത ഉപകരണങ്ങളിലും കയ്യടക്കം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. 37-ാമത്തെ വയസ്സില്‍ കാഞ്ഞങ്ങാട് ബല്ലത്തപ്പന്‍ ക്ഷേത്രത്തിലാണ് പുല്ലാങ്കുഴലില്‍ അരങ്ങേറ്റം നടത്തിയത്. കേരള ലളിത കലാ അക്കാദമിയുടെ നിരവധി ഗ്രൂപ്പ് എക്സിബിഷനുകളില്‍ ശ്യാമശശിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭാര്യ ഗീതയും മക്കളായ ശ്യാമയും ശ്യാമപ്രസാദും യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ശശിമാഷിന്റെ കലായാത്രകള്‍ക്ക്കൂട്ടായുണ്ട്.
