കാഞ്ഞങ്ങാട്: പ്രഭാത സവാരിക്കിടെ മാധ്യമ പ്രവര്‍ത്തകനെ ലോറിയിടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ കടന്നുകളഞ്ഞ ലോറിയെ
തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ ടി എന്‍ 47 ബിഎക്സ് 67 32 നമ്പര്‍ ലോറി ഡ്രൈവര്‍ തമിഴ്നാട് ഏരിച്ചൂര്‍ കെ ശങ്കര്‍ (25) നെ അറസ്റ്റ് ചെയ്തു
ഈ മാസം 16 ന് രാവിലെ 5.07 ന് പുതിയകോട്ടയില്‍ വെച്ചാണ് മലബാര്‍ വാര്‍ത്ത സായാഹ്ന പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ കരിന്തളം സുകുമാരനെ (64)
ലോറി ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയത്. സംഭവത്തില്‍ കരിന്തളം സുകുമാരന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച അഞ്ചാം നാള്‍ തമിഴ്നാട്ടില്‍ നിന്നാണ് ലോറി കണ്ടെത്തിയത്. പുതിയകോട്ട പഞ്ചരത്ന ഹോട്ടലിലെ സിസിടിവി ക്യാമറയില്‍ ലോറിയുടെ മുന്‍വശത്തെ ഗ്രില്‍ റോഡില്‍ തെറിച്ചു വീഴുന്നതു കാണാമായിരുന്നു. പിലാത്തറയിലെ ടിവിയില്‍ പതിഞ്ഞ ദൃശ്യമാണ് ലോറിയെ കണ്ടെത്താന്‍ സഹായകരമായത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ വി മോഹനനാണ് കേസ് അന്വേഷിച്ചത്. സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ കെ ടി അനില്‍, പി വി ഷൈജു മോഹന്‍, കെ രാഗേഷ്, . പി. പി.രമിത്ത് എന്നിവര്‍ ചേര്‍ന്ന് പുതിയ കോട്ട മുതല്‍ പിലാത്തറ വരെ നൂറോളം സിസിടിവിയാണ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചത്. സുകുമാരന് തലയ്ക്കും കാലിനും ആണ് പരിക്ക് . ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
