എണ്ണപ്പലഹാരത്തിന്റെ അകമ്പടിയില്ലാതെ അജാനൂര്‍ വനിതാ ലീഗിന്റെ ഇഫ്താര്‍ പഴമ

അജാനൂര്‍: ഇഫ്താര്‍ എന്ന് കേള്‍ക്കുമ്പോള്‍ നിരത്തി വെച്ച എണ്ണപ്പലഹാരങ്ങള്‍ സ്മൃതിയിലെത്തിത്തുടങ്ങിയിട്ട് വര്‍ഷങ്ങളായി.മാസികകളുടെയും വാരികകളുടെയും റമദാന്‍ മുഖചിത്രം വിശുദ്ധ ഖുര്‍ആനും തസ്ബീഹ് മാലയും എന്നതിന് പകരം അപ്പത്തരങ്ങളുടേതായിത്തുടങ്ങിയിട്ടും കാലങ്ങളായി.നോമ്പിന്റെ ആരോഗ്യ ശാസ്ത്രത്തിന് നിരക്കാത്ത ഈ നാട്ടു നടപ്പിന് ഒരു തിരുത്തായി എണ്ണപ്പലഹാരങ്ങളില്ലാതെ പഴമയുടെ പ്രൗഡിയുമായി അജാനൂര്‍ പഞ്ചായത്ത് വനിതാ ലീഗ് നടത്തിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി.തരിക്കഞ്ഞി,ചെറുപയര്‍ കഞ്ഞി,മുത്താറിക്കഞ്ഞി, ജീരക കഞ്ഞി തുടങ്ങി വിവിധയിനം കഞ്ഞികളും വിവിധ പഴച്ചാറുകളും കസ്‌കസ് ചേര്‍ത്ത സര്‍ബത്തും തുടങ്ങി പഴമയുടെ തനിമയുള്ള നോമ്പ് തുറയാണ് പഞ്ചായത്ത് ലീഗ് പ്രസിഡന്റ് മുബാറക് ഹാസൈനാര്‍ ഹാജിയുടെ മടിയനിലെ വീട്ട് കൊമ്പൗണ്ടില്‍ അവര്‍ സംഘടിപ്പിച്ചത്.മഗ്രിബ് നമസ്‌കാരാനന്തരം പത്തിരി,നെയ്പത്തല്‍, നെയ്ച്ചോര്‍ മുതലായ വിഭവങ്ങളുമായി നോമ്പ് തുറ സദ്യ യുമുണ്ടായിരുന്നു.വിവിധയിനം കഞ്ഞികളും മറ്റു വിഭവങ്ങളുമെല്ലാം വനിതാ ലീഗ് പ്രവര്‍ത്തകമാര്‍ അവരവരുടെ അടുക്കളകളില്‍ നിന്ന് സ്വയം തയാറാക്കി കൊണ്ടുവന്നവ.വനിതാ ലീഗംങ്ങള്‍ക്ക് പുറമെ പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കളും പങ്കെടുത്ത ഇഫ്താര്‍ അത് കൊണ്ട് തന്നെ പഴമയുടെ ഓര്‍മ്മയുണര്‍ത്തുന്നതായി.

error: Content is protected !!