കാഞ്ഞങ്ങാട്: കോഴിക്കോട്ടെ സ്വര്‍ണ്ണാഭരണ നിര്‍മ്മാതാവില്‍ നിന്നു തട്ടിയെടുത്ത 150 ഗ്രാം സ്വര്‍ണ്ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയി ല്‍ രണ്ടു യുവതികളെ കാഞ്ഞങ്ങാട് വെച്ച് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത്, സിഐപി അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായി പിടികൂടി.
മുംബൈ, ജോഗേഷ് വാരി, സമര്‍ത്ഥ് നഗറിലെ ശ്രദ്ധ രമേശ് എന്ന ഫിര്‍ദ്ധ (37), മുംബൈ, വാദറ, രഞ്ജുഗന്ധ് നഗറിലെ സല്‍മാഖാദര്‍ ഖാന്‍ (42) എന്നിവരാണ് പിടിയിലായത്. സ്ഥാപന ഉടമ വടകര പുത്തൂര്‍ ഏടാനിക്കോട്ട് ഹൗസ്, സുരേഷ് ബാബുവിന്റെ പരാതിയില്‍ കോഴിക്കോട്
നല്ലളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് ഇരുവരും. കോഴിക്കോട് ചെറുവണ്ണൂര്‍ ശാരദാമന്ദിരത്ത് നിന്ന് റഹ്‌മാന്‍ ബസാറിലേക്ക് പോകുന്ന വഴിയിലെ ആഭരണ നിര്‍മ്മാണശാലയുടെ വാടക വീട്ടില്‍ വെച്ച് ഇന്നലെ ഉച്ചയ്ക്ക് 1.30 നാണ് യുവതികള്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയത്.
സ്ഥാപനത്തിലെ ജീവനക്കാരനായ ഹനീഫ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അടുത്ത് ജോലി ചെയ്തിരുന്ന ശ്രദ്ധ എന്ന ഫിര്‍ദ്ദയുമായി ഹനീഫ് നേരത്തെ പരിചയത്തിലായിരുന്നു. ഈ ബന്ധത്തിന്റെ പേരിലാണ് യുവതികള്‍ വ്യാഴാഴ്ച തീവണ്ടി മാര്‍ഗ്ഗം കോഴിക്കോട്ടെത്തിയത്. പുതുതായി മുംബൈയില്‍ തുടങ്ങുന്ന ജ്വല്ലറിയിലേക്ക് 200 ഗ്രാം സ്വര്‍ണ്ണം വാങ്ങി എത്തിച്ചാല്‍ 60,000 രൂപ ലാഭം കിട്ടുമെന്നാണ് യുവതികള്‍ ഹനീഫയോട് പറഞ്ഞത്.
ആഭരണശാല ഉടമ സുരേഷ് ബാബു ഇവരെ വിവിധതരം മോഡലുകള്‍ കാണിക്കുകയും ചെയ്തിരുന്നു. പിന്നീട് സുരേഷ് ബാബു നിര്‍മ്മാണ ശാലയിലേക്ക് തിരിച്ചു പോവുകയും ചെയ്തു. സ്വര്‍ണാഭരണങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെ ഹനീഫ ടോയ്‌ലറ്റില്‍ പോയ സമയം നോക്കി യുവതികള്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാന്‍ പാക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഹനീഫയുടെ മൊബൈല്‍ ഫോണും കൈക്കലാക്കിയാണ് മുങ്ങിയത്.
സംഭവത്തില്‍ കേസെടുത്ത നല്ലളം പോലീസ് ഉടനെ അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലാ പോലീസ് മേധാവികളെ അറിയിച്ചു. ഹനീഫയുടെ മറ്റൊരു ഫോണില്‍ നിന്നും ഇവരുടെ നമ്പര്‍ ശേഖരിച്ച് പോലീസിന് കൈമാറി. ഈ സമയം മൊബൈല്‍ ലൊക്കേഷന്‍ മാഹി ആയിരുന്നു. പിന്നീട് ദേശീയ പാതയിലൂടെ തലശ്ശേരിയും കണ്ണൂരും ലൊക്കേഷന്‍ കാണിക്കാന്‍ തുടങ്ങി. കണ്ണൂര്‍ പോലീസ് ദേശീയ പാതയിലൂടെ കടന്നു പോയ മുഴുവന്‍ വാഹനങ്ങളെയും അരിച്ചു പെറുക്കി പരിശോധിച്ചുവെങ്കിലും യുവതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. യുവതികള്‍ ബസില്‍ യാത്ര ചെയ്യുന്നുണ്ടെന്ന് കാസര്‍കോട് പോലീസിന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം ഹോസ്ദുര്‍ഗ് സ്റ്റേഷനിലെ ജൂനിയര്‍ എസ്‌ഐ വരുണിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സൗത്തില്‍ വാഹന പരിശോധന ആരംഭിച്ചു. ബസുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇതിനിടയില്‍ കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള ടാക്‌സി കാര്‍ കാഞ്ഞങ്ങാട് നഗരത്തെ ലക്ഷ്യം വച്ചു നീങ്ങി. കാറിന്റെ നീക്കത്തില്‍ സംശയം തോന്നിയ എസ് ഐ ഈ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഇന്‍സ്‌പെക്ടര്‍ പി അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം കുതിച്ചെത്തി പുതിയ കോട്ടയില്‍ റോഡ് ബ്ലോക്ക് ചെയ്ത് കാര്‍ പിടികൂടുകയായിരുന്നു. യാത്രക്കാരായ യുവതികളെ വനിതാ പോലീസിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ 150 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി. യുവതികള്‍ പിടിയിലായ വിവരം നല്ലളം പോലീസിനെ അറിയിച്ചു. കാഞ്ഞങ്ങാട്ടെത്തിയ നല്ലളം പോലീസ് യുവതികളെ കോഴിക്കോട്ടേക്ക് കൊണ്ടു പോയി. മംഗ്‌ളൂരു എയര്‍പോര്‍ട്ടിലേക്ക് പോകണമെന്നു പറഞ്ഞാണ് വിനു എന്നയാളുടെ ടാക്‌സി യുവതികള്‍ വാടകക്ക് വിളിച്ചത്. ഡീസല്‍ അടിക്കുന്നതിന് 2000 രൂപയും നികിയിരുന്നുവെന്നു ഡ്രൈവര്‍ വിനു പോലീസിനു മൊഴി നല്‍കി. ഫാറുക്ക് എ സി പി സിദ്ദിഖിന്റെ നിര്‍ദേശാനുസരണം നല്ലളം പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ രമേശന്‍, ശുഭഖ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജി, രഞ്ജിത് എന്നിവരും, ക്രൈം സ്‌ക്വാഡ്
അംഗങ്ങളായ എ എസ് ഐ അരുണ്‍ കുമാര്‍ , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഐ ടി വിനോദ് എന്നിവരുമാണ് പ്രതികളെ
കണ്ടെത്താന്‍ അന്വേഷണം നടത്തിയത്.
