കാഞ്ഞങ്ങാട് : തോക്ക് ചൂണ്ടി ക്രഷര്‍ മാനേജറെ ഭീഷണിപ്പെടുത്തി ചവിട്ടി നിലത്തിട്ട് ബാഗിലുണ്ടായിരുന്ന 10.2 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളെ ഹോസ്ദുര്‍ഗ് കോടതി ഈ മാസം 15 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബീഹാര്‍ സ്വദേശികളായ മുഹമ്മദ് ഇബ്രാന്‍ ആലം (21), മുഹമ്മദ് മാലിക് (21), മുഹമ്മദ് ഫാറൂഖ് (30) എന്നിവരും അസം സ്വദേശിയും ക്രഷര്‍ ജീവനക്കാരനുമായ ധനഞ്ജയ ബോറയെയും (22) ആണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുമായി ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ക്രഷറിലെത്തി തെളിവെടുപ്പ് നടത്തി. പണം സൂക്ഷിച്ച ബാങ്ക്, കളിത്തോക്ക്, ബാഗിന്റെ കീ എന്നിവ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നു കണ്ടെടുത്തു. തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ ഇന്നു തന്നെ പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ 5 ന് വൈകിട്ട് 5.50 ന് മടിക്കൈ അമ്പലത്തുകര റോഡില്‍ കല്യാണത്ത് പ്രവര്‍ത്തിക്കുന്ന ജാസ് ഗ്രാനൈറ്റ് അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സ്റ്റോക്ക് യാര്‍ഡിന് സമീപം വെച്ചാണ് മാനേജര്‍ കോഴിക്കോട് സ്വദേശി പി.പി.രവീന്ദ്രനെ(56) ആക്രമിച്ച് പണവുമായി കാറില്‍ കടന്നത്. അന്നു രാത്രി തന്നെ ബീഹാര്‍ സ്വദേശികളെ കര്‍ണാടക പോലീസും ധനഞ്ജയ് ബോറയെ ഹോസ്ദുര്‍ഗ് പോലീസും പിടികൂടിയിരുന്നു.
ജാസ് ഗ്രൂപ്പിന്റെ കണ്ണൂര്‍ പെരിങ്ങോത്തുള്ള ക്രഷറില്‍ അല്പകാലം ജോലി ചെയ്ത് ബീഹാര്‍ സ്വദേശി മുഹമ്മദ് ഇബ്രാന്‍ ആലമാണ് കവര്‍ച്ചയുടെ സൂത്രധാരന്‍. പെരിങ്ങോത്തെ ക്രഷറില്‍ ഇയാള്‍ക്കൊപ്പം ജോലി ചെയ്ത് അസം സ്വദേശി ധനഞ്ജയ് ബോറയുമായുള്ള പരിചയമാണ് ക്രഷര്‍ മാനേജരെ ആക്രമിച്ച് പണം തട്ടാനുള്ള പദ്ധതി തയാറാക്കാന്‍ സഹായിച്ചത്. എല്ലാദിവസവും ചുരുങ്ങിയത് 2 ലക്ഷം രൂപ ക്രഷറില്‍ നിന്നു പോകുന്ന രവീന്ദ്രന്റെ കയ്യിലുണ്ടാകാറുണ്ടെന്ന് ബോറ, ഇബ്രാന്‍ ആലത്തിനെ അറിയിച്ചിരുന്നു. 50,000 രൂപ ബോറയ്ക്കും ബാക്കിയുള്ള തുക മറ്റുള്ളവര്ക്കുമെന്നാണ്
കവര്‍ച്ചക്ക് മുന്‍പുള്ള ധാരണ. കഴിഞ്ഞ നവംബറിലാണ് ധനഞ്ജയ് ബോറ പെരിങ്ങോത്ത് നിന്ന് കല്യാണത്തെ ക്രഷറിലേക്ക് ജോലിക്ക് എത്തിയത്. മലപ്പുറം വിവിധ സ്ഥലങ്ങളില്‍ ഹിറ്റാച്ചി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ഇബ്രാന്‍ കോഴിക്കോട്ടെ റെന്റ് എ കാര്‍ സ്ഥാപനത്തില്‍ നിന്ന് വാടകയ്ക്കെടുത്ത കാറുമായാണ് കവര്ച്ചയ്ക്കെത്തിയത്.
സംഭവ ദിവസം വൈകിട്ട് അഞ്ചോടെ സംഘം കല്യാണ്‍ മുത്തപ്പന് ക്ഷേത്രത്തിന് സമീപമെത്തി ഇവിടെ കുറച്ചു നേരം കാര്‍ നിര്‍ത്തിയിട്ട ശേഷം പിന്നീട് ചെമ്പിലോട്ട് ഭാഗത്തേക്ക് ഓടിച്ചു പോയി നിര്‍ത്തിയിട്ടു. ഇതുവഴി വരുന്നവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വാഹനം ചൂടായി എന്നതിന്റെ പേരില്‍ ബോണറ്റ് തുറന്നിടുകയും ചെയ്തു. രവീന്ദ്രന് ഇറങ്ങുന്ന സമയം നോക്കി ഈ സമയം ധനഞ്ജയ് ബോറ ഇബ്രാന്റെ ഫോണിലേക്ക് മെസ്സേജുകള്‍ അയക്കുന്നുണ്ടായിരുന്നു. ഇത് പ്രകാരം മുന്നോട്ടുവന്ന കാര്‍ റോഡ് സൈഡില്‍ നിര്‍ത്തിയിടുകയും ക്രഷര്‍ യൂണിറ്റിലേക്ക് പോകാനും ഇറങ്ങാനും രണ്ടു വഴികളാണുള്ളത് . ആദ്യത്തെ വഴിയിലൂടെ കയറിയ ഇബ്രാനും മുഹമ്മദ് ഫാറൂഖും കാടുപിടിച്ചു ഇറങ്ങി വരുന്ന വഴിയുടെ ഇടനാഴിയില്‍ വച്ച് രവീന്ദ്രനെ ഭീഷണിപ്പെടുത്തി നിലത്തിട്ടും പണം തട്ടിയെടുത്തു. ഈ സമയം റോഡില്‍ മാറ്റി നിര്‍ത്തിയ കാര്‍ മുഹമ്മദ് മാലിക് ഓടിച്ച് വരികയും പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. രണ്ടുലക്ഷം പ്രതീക്ഷിക്കുന്ന പ്രതികള്‍ ബാഗില്‍ നിറയെ പണം കണ്ടപ്പോള്‍ ഞെട്ടുകയും പിന്നീട് ബാങ്കില്‍ കയറി എടിഎം മിഷന് വഴി അര ലക്ഷത്തോളം രൂപ ഇബ്രാന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തി വാഹനം നിര്‍ത്തി 8.30 നുള്ള ട്രെയിനില്‍ മംഗലാപുരത്തേക്ക് കയറി പോവുകയായിരുന്നു. തെളിവെടുപ്പ് സംഘത്തില്‍ സിഐ പി അജിത് കുമാറിന് പുറമെ എസ് ഐ ശര്ങ്ങാധരന്, എ എസ് ഐ റിജേഷ്, സിനീയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി ശ്രീജേഷ് എന്നിവരും ഉണ്ടായിരുന്നു
