കൊച്ചി: കാസര്‍കോട് പൈവളിഗെയില്‍ നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയും ടാക്‌സി ഡ്രൈവറും മരിച്ച സംഭവത്തില്‍ പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ എന്നാണ് പോലീസ് അന്വേഷണം നടത്തിയതെന്നും സംഭവത്തില്‍ പോക്‌സോ കേസ് ചുമത്തി അന്വേഷണം വേഗത്തില്‍ നടത്തണമായിരുന്നുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
പത്താംക്ലാസ് വിദ്യാര്‍ഥിനിയെയും വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയെന്നു കരുതുന്ന ടാക്‌സി ഡ്രൈവര്‍ പ്രദീപിനെയും രണ്ട് ദിവസം മുമ്പാണ് വീടിന് സമീപത്തെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരത്തിന്റെ ഒരേ ചില്ലയില്‍ തൂങ്ങിമരിച്ച ഇരുവരുടെയും മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു.
സംഭവത്തില്‍ പോലീസിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്. കേസ് ഡയറിയുമായി അന്വേഷണ ഉദ്യോ?ഗസ്ഥന്‍ ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോ?ഗസ്ഥന്‍ കോടതിയില്‍ നേരിട്ടെത്തി കേസ് ഡയറി സമര്‍പ്പിച്ചു. മരിച്ച പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ എന്തുകൊണ്ട് വൈകിയെന്നും പെണ്‍കുട്ടിയുടെ ഫോണ്‍ രേഖകള്‍ എപ്പോഴാണ് പരിശോധിച്ചതെന്നും കോടതി ചോദിച്ചു. ഫെബ്രുവരി 12-നു പുലര്‍ച്ചെ കാണാതായ പെണ്‍കുട്ടിക്കുവേണ്ടി പോലീസ് നായയെ ഉപയോ?ഗിച്ചുള്ള പരിശോധന നടത്തിയത് ഫെബ്രുവരി 19-നാണ്. പോലീസ് നായയെ ഉപയോഗിച്ചുള്ള പരിശോധന നടത്താന്‍ എന്തുകൊണ്ട് വൈകിയെന്നും പോക്‌സോ കേസായി കണക്കാക്കി കേസ് അന്വേഷണം വേഗത്തില്‍ നടത്താമായിരുന്നില്ലേയെന്നും കോടതി പോലീസിനെതിരേ വിമര്‍ശനം ഉന്നയിച്ചു.
ഫെബ്രുവരി 12-നു പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ പെണ്‍കുട്ടി വീടിന്റെ പിന്‍വാതില്‍ തുറന്നു പുറത്തേക്കുപോയി എന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി. മൊബൈല്‍ ഫോണും പെണ്‍കുട്ടിയുടെ കൈയിലുണ്ടായിരുന്നു. ആദ്യം ഫോണില്‍ ബെല്‍ അടിച്ചിരുന്നെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു. പിന്നീട് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
