കാഞ്ഞങ്ങാട് : കണ്ണൂര്‍ തോട്ടട എസ് എന്‍ കോളേജില്‍ സമാപിച്ച കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തില്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് വിദ്യാര്‍ത്ഥി എ. രാംപ്രസാദ് സംഗീതപ്രതിഭയായി. പങ്കെടുത്ത നാല് മത്സരങ്ങളില്‍ നിന്ന് 24 പോയിന്റോടെയാണ് ഈ നേട്ടം. ഇതേ പോയിന്റ് നേടിയ കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് ക്യാംപസ് വിദ്യാര്‍ത്ഥി സി.എസ്. കൃഷ്ണനുണ്ണിക്കൊപ്പമാണ്
സംഗീതപ്രതിഭ സ്ഥാനം പങ്കിട്ടത്. ലളിതഗാനത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ രാംപ്രസാദ് കര്‍ണാടക സംഗീതം, ഗസല്‍ എന്നിവയില്‍ രണ്ടാം സ്ഥാനവും നേടി. ഇക്കുറി ആദ്യമായി മത്സരിച്ച കഥകളി സംഗീതത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും ഉണ്ട്. കോളേജിലെ മൂന്നാം വര്‍ഷ ബി എസ് സി ഫിസിക്‌സ് വിദ്യാര്‍ത്ഥിയായ രാംപ്രസാദ് വെള്ളിക്കോത്ത് സ്വദേശിയാണ്. ജനകീയ സംഗീതയാത്രകളിലൂടെ പ്രശസ്തനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ പ്രമുഖ സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ് എല്ലാ ഇനങ്ങളിലും പരിശീലനം നല്‍കിയത്.
അഞ്ച് വയസ് മുതല്‍ ഇദ്ദേഹത്തില്‍ നിന്ന് സംഗീതം അഭ്യസിച്ചു വരുന്നു. ഗുരുനാഥന്റെ ഷഷ്ടിപൂര്‍ത്തി വര്‍ഷത്തില്‍ ശിഷ്യന്‍ അര്‍പ്പിച്ച ഗുരു ദക്ഷിണയുമായി ഈ വിജയം. നിനക്കായ് പൂത്തൊരെന്‍ കര്‍ണികാരങ്ങളെ കാണാതെ പോയതെന്തേ….. എന്ന വരികള്‍ പാടിയാണ് ലളിതഗാനത്തില്‍ ഒന്നാം സ്ഥാനം നേടിയത്. ചെറുവത്തൂര്‍ എ ഇ ഒയും വെള്ളിക്കോത്ത് മഹാകവി പി സ്മാരക സ്‌കൂളിലെ മുന്‍ അധ്യാപകനുമായ രമേശന്‍ പുന്നത്തിരിയന്‍ എഴുതിയ ഗാനം വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ് സംഗീതം നല്‍കി പരിശീലിപ്പിച്ചത്. കര്‍ണാടക സംഗീതത്തില്‍ മുത്തുസ്വാമി ദീക്ഷിതരുടെ ശ്രീ കമലാംബയാം… എന്ന ഭൈരവി രാഗത്തിലുള്ള നവാവരണ കൃതിയും ഗസലില്‍ സയ്യിദ് റാസിയുടെ ഭൂലി ബിസ് രി ചന്ദ്…എന്ന് തുടങ്ങുന്ന ഗാനവുമാണ് ആലപിച്ചത്. നളചരിതം നാലാം ദിവസത്തിലെ എങ്ങാനും ഉണ്ടോ കണ്ടു… എന്ന പദം കഥകളി സംഗീത മത്സരത്തില്‍ ആലപിച്ചു. കര്‍ണാടക സംഗീതത്തില്‍ പ്രഭാകരന്‍ വള്ളിക്കുന്ന് (മൃദംഗം) ബല്‍രാജ് ബദിയടുക്ക (വയലിന്‍), ഗസലില്‍ തൃക്കരിപ്പൂര്‍ മഹേഷ് ലാല്‍ (തബല), മോഹന്‍ദാസ് അണിയാരം (ഹാര്‍മോണിയം) എന്നിവരായിരുന്നു പിന്നണിയില്‍. മാധ്യമ പ്രവര്‍ത്തകന്‍ വെള്ളിക്കോത്ത് വീണച്ചേരി പൈനി വീട്ടിലെ ശ്യാംബാബുവിന്റെയും പ്രഭയുടെയും മകനാണ്. സഹോദരി ശിവദ കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിലെ മൂന്നാം ക്ലാസ്വിദ്യാര്‍ത്ഥിനി.
