കേണമംഗലം പെരുങ്കളിയാട്ടം: ഭക്തിസാന്ദ്രമായി വരച്ചു വെക്കല്‍ ചടങ്ങ് നടന്നു; പ്രസാദ് കര്‍ണ്ണമൂര്‍ത്തി കേണമംഗലത്ത് ഭഗവതിയുടെ തിരുമുടിയേറ്റും; മാര്‍ച്ച് 9 ന് 11 നും 11.30 നും ഇടയില്‍ ഭഗവതിയുടെ തിരുമുടി നിവരും

നീലേശ്വരം: നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതിക്ഷേത്രത്തില്‍ പതിനേഴ് സംവത്സരങ്ങള്‍ക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തില്‍ പ്രധാന ആരാധനമൂര്‍ത്തിയായ കേണമംഗലത്ത് ഭഗവതിയുടെ കോലധാരിയെ നിശ്ചയിക്കുന്ന വരച്ചുവെക്കല്‍ ചടങ്ങ് ഇന്ന് രാവിലെ മുതല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കഴകസന്നിദ്ധിയില്‍ നടന്നു.രാവിലെ അരങ്ങിയലടിയന്തിരത്തിന് ശേഷം കേണമംഗലത്ത് ഭഗവതിയുടെയും വിഷ്ണുമൂര്‍ത്തിയുടെയും പ്രതിപുരുഷന്മാര്‍ അരങ്ങിലിറങ്ങിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

തുടര്‍ന്ന് ജന്മകണിശന്‍ ജയകൃഷ്ണന്‍ പള്ളിക്കരയുടെ സാന്നിദ്ധ്യത്തില്‍ കെ രാമകൃഷ്ണന്‍ ജോത്സ്യരുടെയും വിനോദ് ജോത്സ്യര്‍ ചെറുവത്തുരിന്റെയും ഗംഗാധരന്‍ പണിക്കരുടെയും നേതൃത്വത്തില്‍ പ്രശ്നചിന്തകള്‍ ആരംഭിച്ചു.ക്ഷേത്രം അന്തിത്തിരിയന്‍ പള്ളിപ്പുറം രാജന്‍ രാശിക്കളത്തില്‍ സ്വര്‍ണ്ണവും പുവും നിക്ഷേപിച്ചു.സ്വര്‍ണ്ണത്തിന്റെ സ്ഥാനം നോക്കി പെരുങ്കളിയാട്ടത്തിന്റെ രാശി ഫലം പ്രവചിച്ചു.ശേഷം പ്രധാന ദേവതയായ കേണമംഗലത്ത് ഭഗവതിയുടെ കോലധാരിയെ കണ്ടെത്തുന്നതിനുള്ള രാശി നടന്നു.പള്ളിക്കര പ്രസാദ് കര്‍ണ്ണമൂര്‍ത്തിക്ക് കേണമംഗലത്ത് ഭഗവതിയുടെ കോലമണിയാന്‍ നിയോഗം ലഭിച്ചു.പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസമായ മാര്‍ച്ച് ഒന്‍പത് ഞായറാഴ്ച പകല്‍ 11നും 11.30നും ഇടയിലെ ശുഭമൂഹൂര്‍ത്തത്തില്‍ കേണമംഗലത്ത് ഭഗവതിയുടെ
തിരുമുടി നിവരും.

കോലധാരിയാവാന്‍ നിയോഗം ലഭിച്ചതോടെ പ്രസാദ് കര്‍ണ്ണമൂര്‍ത്തി ക്ഷേത്രം പ്രതിപുരുഷന്മാരില്‍ നിന്ന് അനുഗ്രഹം വാങ്ങി. ക്ഷേത്രപരിസരത്ത് പ്രത്യേകം സജ്ജമാക്കിയ കുച്ചിലില്‍ വ്രതം ആരംഭിച്ചു.4 മുതല്‍ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തില്‍ 11 തോറ്റങ്ങള്‍ ആടി ഭഗവതിയെ മനസിലേക്കും ശരീരത്തിലേക്കും ആവാഹിച്ചാണ് കര്‍ണ്ണമൂര്‍ത്തി കേണമംഗലത്ത് ഭഗവതിയുടെ കോലം ധരിക്കുക. ചടങ്ങില്‍ വിവിധ കഴകങ്ങളിലെയും ക്ഷേത്രങ്ങളിലെയും ആചാരക്കാരും സ്ഥാനികരും,വാല്യക്കാര്‍,കമ്മറ്റി ഭാരവാഹികള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.ക്ഷേത്രത്തിലെത്തിയ മുഴുവന്‍ പേര്‍ക്കും ഉച്ചയോടെ അന്നദാനവും നടന്നു.
മാര്‍ച്ച് 4 ന് രാവിലെ പള്ളിക്കര ഭഗവതിക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും എഴുന്നള്ളിക്കുന്നതോടെ മാര്‍ച്ച് 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്തുടക്കമാകും.

error: Content is protected !!