ആദായനികുതി ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തി; കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്:  കേന്ദ്ര ബജറ്റില്‍ കേരളമെന്ന പേരുപോലും ഉച്ചരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ ബഹുജനരോഷം ആളിക്കത്തിച്ച് പ്രതിഷേധമാര്‍ച്ച്. സിപിഐ എം ആഭിമുഖ്യത്തില്‍ വിദ്യാനഗര്‍ ആദായനികുതി ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ എണ്ണായിരത്തോളം പ്രവര്‍ത്തകര്‍ അണിനിരന്നു. ആദായ നികുതി ഓഫീസിന് മുന്നില്‍ കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. രാവിലെ പത്തിന് വിദ്യാനഗര്‍ അസാപ്പ് കേന്ദ്രത്തിന് മുന്നില്‍ കേന്ദ്രീകരിച്ചാണ് പ്രകടനം തുടങ്ങിയത്. ദേശീയപാത സര്‍വീസ് റോഡിലും ഉളിയത്തടുക്ക റോഡിലും ഗതാഗത തടസ്സമുണ്ടാക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കേന്ദ്രവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്ലക്കാഡും ബാനറും ഉയര്‍ത്തിയാണ് ജാഥ നടത്തിയത്. ജില്ലാസെക്രട്ടറി എം രാജഗോപാലന്‍ എംഎല്‍എ സ്വാഗത പ്രസംഗം അവസാനിപ്പിക്കുമ്പോഴും, ജാഥ പൂര്‍ണമായും യോഗ സ്ഥലത്ത് എത്തിയിരുന്നില്ല. കഴിഞ്ഞ ഒരാഴ്ച ഏരിയാകമ്മിറ്റികള്‍ ഗ്രാമ– നഗര വീഫികളില്‍ നടത്തിയ കാല്‍നടപ്രചരണ ജാഥകളിലൂടെ സമരസജ്ജരാക്കിയ ബഹുജനങ്ങളാണ് പ്രതിഷേധ പരിപാടിക്ക് എത്തിയത്. സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വി ബാലകൃഷ്ണന്‍, കെ പി സതീഷ് ചന്ദ്രന്‍, മുന്‍ കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.

കേന്ദ്രം പെരുമാറുന്നത് ശത്രുക്കളെ പോലെ: പി കെ ശ്രീമതി

കാസര്‍കോട്: യുദ്ധത്തില്‍ ശത്രുക്കളെ കാണുന്ന പോലെയണ് കേരളത്തോട് കേന്ദ്ര ബിജെപി സര്‍ക്കാര്‍ പെരുമാറുന്നത് എന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. ഇക്കാര്യം എല്ലാവര്‍ക്കും മനസ്സിലായിട്ടും കേരളത്തിലെ ബിജെപി മന്ത്രിമാരും കോണ്‍ഗ്രസ് എംപിമാരും മിണ്ടാതെ നില്‍ക്കുകയാണ് എന്നും അവര്‍ പറഞ്ഞു. സിപിഐ എം ആഭിമുഖ്യത്തില്‍ വിദ്യാനഗര്‍ ആദായനികുതി ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തെ സ്‌നേഹിക്കുന്നവരാണെങ്കില്‍ ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടെ? കേരളത്തിന് അനാവശ്യമായ സഹായം വേണമെന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ അര്‍ഹതപ്പെട്ട ആനുകൂല്യം ചോദിക്കുമ്പോള്‍, അതിനെയൊന്ന് പിന്തുണക്കാന്‍ പോലും കോണ്‍ഗ്രസുകാര്‍ തയ്യാറാകുന്നില്ല.
വയനാട്ടുകാര്‍ നീതി ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ രാപ്പകല്‍ സമരം നടത്തി. നിരവധി പ്രതിപക്ഷ ദേശീയ നേതാക്കള്‍ അവിടെ എത്തി സംസാരിച്ചു. പക്ഷെ കോണ്‍ഗ്രസുകാരോ ലീഗുകാരോ വന്നില്ല. വയനാട്ടിലെ എംപി പോലും ഒന്ന് ശബ്ദിക്കാന്‍ തയ്യാറായില്ല. മുണ്ടക്കൈ ചൂരല്‍മല ദുരന്തം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ വയനാട് എംപി തയ്യാറായില്ല.
വയനാട്ടിലേക്ക് സഹായം നിഷേധിക്കുന്നത് തുടര്‍ന്നപ്പോള്‍ ഉണ്ടായ പ്രതിഷേധം പരിഗണിച്ച്, കുറച്ച് പണം വായ്പയായി നല്‍കി. പക്ഷെ, അതുടന്‍ ചെലവാക്കി രശീതി നല്‍കണമെന്നാണ് പറയുന്നത്. കേരളത്തിലെ വികസന മുന്നേറ്റം കണ്ട് കേന്ദ്രഭരണക്കാര്‍ക്ക് അസൂയയാണ്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച നീതി ആയോഗിന്റെ ആദ്യ സിഇഒ അമിതാഭ് കാന്ത് തന്നെ കേരളത്തിന്റെ നേട്ടങ്ങളെ പറ്റി ഏറെ പുകഴ്ത്തി. ഇതൊന്നും അവര്‍ക്ക് ഇഷ്ടപ്പെടില്ല. അതിനാലാണ്, സഹായം വേണമെങ്കില്‍ പിന്നോക്കമാണെന്ന് എഴുതി നല്‍കാന്‍ കേന്ദ്രമന്ത്രി തന്നെ ആവശ്യപ്പെട്ടത് എന്നും പി കെശ്രീമതിപറഞ്ഞു.

error: Content is protected !!