കാഞ്ഞങ്ങാട് : നഗരസഭയ്ക്കായി പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനുള്ള പ്രാരംഭ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നഗരസഭാ പ്രദേശത്ത് ഡ്രോണ്‍ സര്‍വ്വേ തുടങ്ങി. 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. നഗരസഭയുടെ പടിഞ്ഞാറെ വാര്‍ഡായ കുശാല്‍നഗറില്‍ നിന്നാണ് സര്‍വ്വേ തുടങ്ങിയത്. നഗരസഭ വൈസ് ചെയര്മാന് ബില്‍ടെക്ക് അബ്ദുള്ള, വാര്‍ഡ് കൗണ്‍സിലര്‍ ആയിഷ,തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗം അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ ബൈജു പി.വി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സര്‍വ്വേ തുടങ്ങിയത്.
സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള ഡെയില്‍ എന്ന സ്ഥാപനമാണ് സര്‍വ്വേ നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വേ ഓഫ് ഇന്ത്യ നഗരസഭയുടെ ഭൂപടവും തയ്യാറാക്കും. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. പരമാവധി 75 ലക്ഷം രൂപയാണ് ഇതിലേക്ക് നഗരസഭകള്‍ക്ക് അനുവദിക്കുക. രണ്ടു വര്‍ഷമാണ് കാലാവധി .വരുന്ന രണ്ട് പതിറ്റാണ്ട് കാലത്തേക്കുള്ള വികസനആവശ്യങ്ങള്‍ കണ്ടെത്തി. അവക്കാവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്.
നഗരസഭയുടെ ഭൂമി ഫലപ്രദമായി ഉപയോഗിക്കുന്നതിനും, പാതകള്‍, പാലങ്ങള്‍, മറ്റു നിര്‍മ്മിതികള്‍, എന്നിവ ക്രമീകരിക്കുന്നതിനും, ഗതാഗത ശൃംഖലയൊരുക്കുന്നതിനും, കൃഷി, മൃഗസംരക്ഷണം, വ്യവസായം, ടൂറിസം തുടങ്ങിയവയ്ക്ക് അനുയോജ്യമായ മേഖലകള്‍ കണ്ടെത്തുന്നതിനും മാസ്റ്റര്‍ പ്ലാന്‍ സഹായിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നഗരസഭയ്ക്കായി തയ്യാറാക്കിയ കരട് മാസ്റ്റര്‍ പ്ലാനില്‍ കൂട്ടി ചേര്ക്കലുകള് വരുത്തിയായിരിക്കും പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. ശിവരാജ് കുമാര്‍ എച്ച് എല്‍, ചരണ്‍ രാജ് എം, പ്രശാന്താ ഘോഷ്,വേണുഗോപാല്‍ എന്നിവര്‍ ഡ്രോണ്‍ സര്‍വ്വേക്ക് നേതൃത്വംകൊടുക്കുന്നു.
