കാഞ്ഞങ്ങാട് : നഗരത്തിലെ വസ്ത്രക്കടയില്‍ ഉണ്ടായ തീപിടുത്തില്‍ കത്തി അമര്‍ന്നത് ഒരുകോടി രൂപയുടെ വസ്ത്രങ്ങള്‍.
കോട്ടച്ചേരി മല്‍സ്യ മാര്‍ക്കറ്റിന് സമീപത്തുള്ള കല്ലട്ര ഷോപ്പിംഗ് കോപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ ഇന്ത്യ വെഡിംഗ് സെന്ററില്‍ നിന്ന്
ഇന്നലെ രാവിലെ ആറുമണിയോടെയാണ് പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെടുന്നത് .
വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ സതീഷിന്റെ നേതൃത്വത്തില്‍ മൂന്നു യൂണിറ്റ് അഗ്‌നിരക്ഷാസേനയെത്തി നാല് മണിക്കൂറോളം ശ്രമിച്ചാണ് തീ അണച്ചത്. സേന എത്തുമ്പോഴേക്കും സ്ഥാപന ഉടമയും എത്തിയിരുന്നു അതിനാല്‍ ഷട്ടര്‍ തുറന്ന് തീയണക്കാന്‍ തുടങ്ങി. അപ്പോഴേക്കും തുണികള്‍ കത്തി തീയും പുകയും കൊണ്ട് ഒന്നും കാണാന്‍ പറ്റാത്ത സ്ഥിതിയായി. സ്ഥാപനത്തില്‍ ഒരു കവാടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടി വന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച് അകത്തു കയറി കെട്ടിടത്തിന്റെ ചുമര് തുരന്ന് പുക പുറത്തേക്ക് കടക്കാന്‍ വഴിയൊരുക്കി.
കോംപ്ലക്‌സിലെ താഴത്തെ നിലയിലായാണ് വസ്ത്രാലയം. ഇടുങ്ങിയ പ്രദേശമായതിനാല്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് രക്ഷാപ്രവര്‍ത്തനം പ്രയാസമാക്കി. അകത്തെ ഗ്ലാസുകളും തകര്‍ത്തു. വസ്ത്രങ്ങള്‍ മുഴുവന്‍ കത്തിനശിച്ചു. ഒരു കോടിരൂപയിലധികം വില വരുന്ന വസ്ത്രങ്ങളാണ് കത്തി അമര്‍ന്നത്. കെട്ടിടത്തിനും തീപിടിച്ച് വലിയ നഷ്ടമുണ്ട്. ഏകദേശം ഒരു ഒന്നര കോടിയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളയെന്ന് സ്ഥാപന ഉടമ കാരാട്ടുവയല്‍ സ്വദേശി സിബി തോമസ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് സംശയിക്കുന്നു. തൊട്ടു മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ സില്‍ക്‌സ് സ്ഥാപനത്തിലെ ടൈല്‍സുകള്‍ ചൂട് കാരണം അടര്‍ന്നു വന്നു. ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സഹായത്തിനെത്തി.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഗണേശന്‍ കിണറ്റിന്‍കര, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ഇ.ടി മുകേഷ്, സി.വി അജിത്ത്, കെ.എം ഷിജു, വി.വി.ലിനീഷ് ,ഇ.കെ അജിത്ത്. പ്രിഥിരാജ്, ഹോം ഗാര്‍ഡുമാരായ പി. നാരായണന്‍, കെ കെ സന്തോഷ്
സിവില്‍ ഡിഫന്‍സ് ഡിവിഷണല്‍ വാര്‍ഡന്‍ പി.പി പ്രദീപ് കുമാര്‍ ആവിക്കര, ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ആര്‍. സുധിഷ്, അബ്ദുള്‍സലാം, എം.എ ഷാജി , വി വി അനിഷ് , എ വിനോദ്, വി വിനോദ് നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
