മാജിക് ഭവനം സ്വന്തമായി, ദേവപ്രഭ മനം നിറഞ്ഞ് പാടി; ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആദ്യ ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനം കൈമാറി

കാഞ്ഞങ്ങാട്: തളിര്‍മരച്ചില്ലയില്‍ താമസമാണോ.. മാജിക് ഭവനം സ്വന്തമായ ആനന്ദത്താല്‍ ബൗദ്ധിക പരിമിതിയുള്ള 11 വയസ്സുകാരി ദേവപ്രഭ മനസ്സ് നിറഞ്ഞ് പാടി… തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വീട് നിര്‍മ്മിച്ചു നല്‍കുന്ന മാജിക് ഹോം പദ്ധതിയിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ വീടിന്റെ താക്കോല്‍ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ കയ്യില്‍ നിന്നും ഏറ്റുവാങ്ങിയ ചടങ്ങിലാണ് നാട്ടുകാരുടെ മനസ്സിനെ ആര്‍ദ്രമാക്കി ദേവപ്രഭ പാടിയത്. ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കുമിടയില്‍ അടച്ചുറപ്പുള്ള ഭവനം സ്വന്തമായ സന്തോഷത്തിലാണ് മൗക്കോട് സ്വദേശി അനുവും വര്‍ഷയും. ഇവരുടെ മൂത്ത മകളാണ് ദേവപ്രഭ.

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ആക്‌സിഡന്റിനെ തുടര്‍ന്ന് തളര്‍ന്ന് കിടപ്പിലായ ഭര്‍ത്താവ് അനു, ബൗദ്ധിക പരിമിതയായ 11 വയസ്സുള്ള മകള്‍ ദേവപ്രഭ, ഇളയ രണ്ടു കുട്ടികള്‍ എന്നിവരടങ്ങുന്ന കുടുംബത്തിന് സ്വന്തമായി ഭൂമിയോ വീട് ഉണ്ടായിരുന്നില്ല. സാമ്പത്തിക പരാധീനതകള്‍ക്ക് നടുവില്‍ കഴിയുന്ന ഇവര്‍ക്ക് സ്വന്തമായൊരു വീട് എന്നത് അന്യമായിരുന്നു. ആ സ്വപ്നത്തെയാണ് തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയത്. മാജിക്ക് ഹോം പദ്ധതിയിലെ കാസര്‍കോട് ജില്ലയിലെ ഗുണഭോക്താക്കളാണ് അനുവും വര്‍ഷയും. ജില്ലയില്‍ നിന്നും ലഭിച്ച നിരവധി അപേക്ഷകളില്‍ നിന്നും ഡിഫറന്റ് ആര്‍ട് സെന്റര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് വര്‍ഷയുടെ കുടുംബം മാജിക് ഹോമിന് യോഗ്യത നേടിയത്. 650 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച ഈ വീട് തികച്ചും ഭിന്നശേഷി സൗഹൃദമാണ്. റാമ്പ്, സ്ട്രച്ചര്‍ കടന്നു പോകാന്‍ പാകത്തില്‍ വാതിലുകള്‍, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകള്‍ എന്നിവ ഈ വീടിന്റെ സവിശേഷതയാണ്.

മാനവികതയുടെ ശരിക്കുള്ള ഇന്ദ്രജാലം ആണ് ഇവിടെ നടന്നതെന്നും കലാകാരനേക്കാളുപരി നന്മയാണ് തന്റെ നിയോഗമെന്ന് മുതുകാട് തെളിയിച്ചുവെന്നും താക്കോല്‍ കൈമാറുന്നതിനിടെ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, വൈസ് പ്രസിഡന്റ് പി ദാമോദരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍മാരായ മോഹനന്‍, ഷൈല തോമസ്, ഹരിരാജ് എം.ആര്‍, ജഗദീശന്‍, അഡ്വ. ജയഡാലി തുടങ്ങിയവര്‍ പങ്കെടുത്തു. വസ്തു സംഭാവനയായി നല്‍കിയ കാരുണ്യപ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ അട്ടേങ്ങാനം, എഞ്ചിനീയര്‍ ശിവപ്രസാദ്, സപ്പോര്‍ട്ടര്‍ രാധാകൃഷ്ണന്‍ ചിത്ര എന്നിവര്‍ക്ക് ഉപഹാരം നല്‍കിയും പൊന്നാട അണിയിച്ചും ആദരിച്ചു. തങ്ങളുടെ സേവനങ്ങള്‍ ഇവര്‍ സൗജന്യമായാണ് നിര്‍വഹിച്ചത്.

പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയില്‍ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങളാണ് നിര്‍മ്മിച്ചു കൈമാറുന്നത്. ഗുണഭോക്താവിന്റെ പ്രത്യേക പരിമിതികള്‍ക്ക് അനുസൃതമായാണ് ഓരോ വീടും നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ എല്ലാ ജില്ലയിലും ഗുണഭോക്താക്കളെ കണ്ടെത്തി വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്.
മാജിക് ഹോംസ് പദ്ധതിക്കു കീഴില്‍ നിര്‍മ്മിച്ച ഭിന്നശേഷി സൗഹൃദങ്ങളായ വീടുകള്‍ മാതൃകയാക്കി സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ജീവകാരുണ്യ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇതുപോലെയുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ പ്രചോദനമാകുമെന്ന് പദ്ധതിയുടെ സൂത്രധാരന്‍ കൂടിയായ ഗോപിനാഥ് മുതുകാട്പറഞ്ഞു.

error: Content is protected !!