വീടിന് തീവെച്ച സംഭവത്തില്‍ കേസ് പിന്‍വലിക്കാത്ത വിരോധത്തില്‍ ഗൃഹനാഥനെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; ചേറ്റുകുണ്ടില്‍ ഇന്നലെ വൈകിട്ടാണ് സംഭവം

പള്ളിക്കര: വീടിന് തീവെച്ച സംഭവത്തില്‍ കേസ് പിന്‍വലിക്കാത്ത വിരോധത്തില്‍ ഗൃഹനാഥനെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. പൂച്ചക്കാട് അരയാല്‍ത്തറ കണ്ടത്തില്‍ കെ എം മുഹമ്മദ് കുഞ്ഞി (52) യെയാണ് ഇന്നലെ വൈകിട്ട് 6 .55 ന് ചേറ്റു കുണ്ടില്‍ വച്ച് കൊലപ്പെടുത്താന്‍  ശ്രമിച്ചത്. ചിത്താരി ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് കുഞ്ഞിയെ കാറില്‍ എത്തിയ തെക്കുപുറം സ്വദേശി മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കാര്‍ ബൈക്കില്‍ ഇടിച്ച ശേഷം നിലത്തുവീണ മുഹമ്മദ് കുഞ്ഞിയെ ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചത്.

വലതു കാലിനും കൈക്കും വയറിനും തലക്കും പരിക്കേറ്റ മുഹമ്മദ് കുഞ്ഞി മംഗലാപുരത്തെ സ്വകാര്യ ആശുപത്രി ചികിത്സയിലാണ് .
ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കമാണ് അക്രമങ്ങള്‍ക്ക് കാരണം. ഈ മാസം ആറിന് കളി കാണാന്‍ ഗാലറി ഇരിക്കുകയായിരുന്ന കുട്ടികളുടെ തുടയില്‍ ചവിട്ടി മുകളിലേക്ക് കയറിപ്പോയ മുഹമ്മദ് റാഫിയെ മുഹമ്മദ് കുഞ്ഞി ചോദ്യം ചെയ്തിരുന്നു .ഇതിന്റെ പേരില്‍ കളി കഴിഞ്ഞു മടങ്ങുകയായിരുന്ന മുഹമ്മദ് കുഞ്ഞിയെ കല്ലുകൊണ്ട് പുറത്തു കുത്തി പരിക്കേല്‍പ്പിച്ചിരുന്നു.
ഈ സംഭവത്തില്‍ കുട്ടികളുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ കേസ് എടുത്തിരുന്നു. ഇത് പിന്നീട് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. ഇതിനുശേഷം ഈ മാസം 10 ന് മുഹമ്മദ് കുഞ്ഞിയുടെ സഹോദരന്‍ പൂച്ചക്കാട് റഹ്‌മത്ത് റോഡിലെ കെ.എം. ഫൈസലിന്റെ വീട്
പെട്രോള്‍ ഒഴിച്ച് തീയിട്ടു. പുലര്‍ച്ചെ രണ്ട് സ്‌കൂട്ടറുകളില്‍ എത്തിയവര്‍ വീടിന്റെ വരാന്തയിലുണ്ടായിരുന്ന സോഫയിലും കതകിലും ജനാലയിലും പെട്രോള്‍ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. കതകും, ജനാലയും, സോഫയും , ഫാനും, ടിവിയും വൈദ്യുത വിളക്കുകളുമെല്ലാം കത്തി നശിച്ചു. വീടിന്റെ കോണ്‍ക്രീറ്റിന് പല സ്ഥലത്തും വിള്ളല്‍ വീണു. സംഭവ സമയത്ത് ഫൈസലിന്റെ ഭാര്യ ജെമീല, നാല് മാസം പ്രായമായ കുഞ്ഞ്, രണ്ടും, ഏഴും വയസുള്ള രണ്ട് മക്കള്‍, 80 വയസുള്ള മാതാവ് എന്നിവര്‍ വീടിനുള്ളില്‍ ഉറക്കത്തിലായിരുന്നു. പുകയും ചൂടുമേറ്റ് ശ്വാസം കിട്ടാതെ കരഞ്ഞതോടെയാണ് മുതിര്‍ന്നവര്‍ വിവരമറിഞ്ഞത്. ബഹളം വെച്ചും ഫോണ്‍ വിളിച്ചും നാട്ടുകാരേയും ബന്ധുക്കളേയും വിളിച്ചു കൂട്ടി. അവരെല്ലാം ചേര്‍ന്ന് തീ അണച്ചു. സംഭവത്തില്‍ മുഹമ്മദ് റാഫിയുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസ് പിന്‍വലിക്കാത്ത വിരോധമാണ് അക്രമത്തിന് കാരണമെന്ന് മുഹമ്മദ്കുഞ്ഞി പറഞ്ഞു.

error: Content is protected !!