തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഇതുവരെയും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ആശ്ചര്യത്തോടെയാണ് ജനങ്ങള്‍ നോക്കി കാണുന്നതെന്നും വികസന വിപ്ലവം കാണാത്തത് രാഷ്ട്രീയ തിമിരം മൂലം അന്ധത ബാധിച്ചവര്‍ക്കാണെന്നും എന്‍ സി പി എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കരീം ചന്തേര പറഞ്ഞു.
മുഖ്യമന്ത്രിയുടെ ആയിരം കോടി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ വയലോടി വാര്‍ഡിലെ വയലോടി സലഫി മസ്ജിദ് കൈക്കോട്ടുകടവ് പാലം റോഡിന് അനുവദിച്ച 20 ലക്ഷം ഫണ്ട് പിന്‍വലിച്ച തൃക്കരിപ്പൂര്‍ എം.എല്‍.എയുടെ നിലപാട് വഞ്ചനാപരമാണ് എന്ന തലവാചത്തില്‍ മുന്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ സത്താര്‍ വടക്കുമ്പാടിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കരീം ചന്തേര. ഇതുമായി ബന്ധപ്പെട്ട വസ്തുത എന്താണെന്ന് തൃക്കരിപ്പൂരിന്റെ ജനകീയ എം എല്‍ എ എം രാജഗോപാലന്‍ സത്യസന്ധമായി വെളിപ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ ഇടതുമുന്നണി ഭരിക്കുന്ന ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനത്തെക്കാള്‍ യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഫണ്ട് ചിലവഴിക്കാന്‍ എം എല്‍ എ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. യാതൊരുവിധ രാഷ്ട്രീയ പക്ഷപാതിത്വവും കാണിക്കാതെയുള്ള നടപടികളാണ് എം എല്‍ എ നാളിതുവരെയായി കാണിക്കുന്നതെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ കാണാവുന്നതാണ്. മുഴുവന്‍ പഞ്ചായത്തുകളിലും സമതുലിതമായി റോഡുകള്‍ തെരഞ്ഞെടുക്കാന്‍ ആണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. ഇടതുപക്ഷം ഭരിക്കുന്ന വലിയപറമ്പ് ഗ്രാമപഞ്ചായത്തില്‍ പ്രസ്തുത മാനദണ്ഡപ്രകാരമുള്ള റോഡുകള്‍ ഇല്ലാത്തതിനാല്‍ ഒരു റോഡ് പോലും ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് തന്നെ സത്താറിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ എട്ടര വര്‍ഷക്കാലമായുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലയളവില്‍ സമാനതകള്‍ ഇല്ലാത്ത വികസന പ്രവര്‍ത്തനമാണ് തൃക്കരിപ്പൂരില്‍ നടത്തിയിട്ടുള്ളത്. സമസ്ത മേഖലകളിലും വികസനം എത്തിക്കാന്‍ എം എല്‍ എ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിട്ടുമുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യം കൊണ്ട് ഇതൊക്കെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള വിഭാഗത്തിന്റെ ആളായി മാറിയത് കൊണ്ടാണ് വികസന വിരോധിയാകാന്‍ ലീഗ് നേതാവിന് കഴിയുന്നത്. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നതും പ്രത്യേകം കാണണമെന്നും കരീം ചന്തേര പ്രസ്താവനയില്‍പറഞ്ഞു.
