കാഞ്ഞങ്ങാട് : ഉപജീവനത്തിനു വേണ്ടി ത്യാഗരാജ സ്വാമികള്‍ ഭിക്ഷ യാചിച്ചതിന്റെ പ്രതീകമായി നഗരത്തില്‍ ഉഞ്ഛവൃത്തി നടന്നു. ശിഷ്യരുമൊത്ത് സ്വാമികള്‍ കീര്‍ത്തനങ്ങള്‍ പാടി വീടുകളില്‍ ചെന്ന് ഭിക്ഷ ചോദിക്കും. ഒരുദിവസത്തേക്ക് ആവശ്യമുള്ളത് മാത്രമാണ് ഭിക്ഷയായി വാങ്ങിയിരുന്നത്. ഭിക്ഷയായി ലഭിച്ചത് ആവശ്യം കവിഞ്ഞ് ബാക്കിവന്നാല്‍ അടുത്ത ദിവസത്തേക്ക് കരുതിവെക്കാതെ അവ ദാനം ചെയ്യുകയാണ് പതിവ്. പിറ്റേന്ന് വീണ്ടും ഭിക്ഷാടനത്തിന് ഇറങ്ങുമായിരുന്നു. പ്രശസ്തമായ പല ത്യാഗരാജ കീര്‍ത്തനങ്ങളും പിറന്നത് ഭിക്ഷാടന വേളയിലാണ്. ദാരിദ്ര്യദു:ഖം മാറാന്‍, തന്നെ സ്തുതിച്ച് പാടിയാല്‍ സ്വാമികളുടെ തൂക്കത്തിനു തുല്യം സ്വര്‍ണം തരാമെന്ന ശരഭോജി രാജാവിന്റെ വാഗ്ദാനം നിരസിച്ചു കൊണ്ട് ഭിക്ഷാടനത്തിലൂടെയാണ് അദ്ദേഹം വിശപ്പടക്കിയിരുന്നത്. ത്യാഗരാജ-പുരന്ദരദാസ സ്മരണയില്‍ കാഞ്ഞങ്ങാട് സദ്ഗുരു ത്യാഗബ്രഹ്‌മ സംഗീതസഭ നടത്തുന്ന സംഗീതോത്സവത്തിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും ഉഞ്ഛവൃത്തി നടക്കുന്നത്. സംസ്ഥാനത്ത് ഉഞ്ഛവൃത്തി നടക്കുന്ന അപൂര്‍വം വേദികളിലൊന്നാണ് കാഞ്ഞങ്ങാട്. കെ. രവി അഗ്ഗിത്തായയാണ് ത്യാഗരാജ സ്വാമികളുടെ വേഷമണിഞ്ഞത്.
തുടര്‍ന്ന് പഞ്ചരത്‌ന കീര്‍ത്തനാലാപനം നടന്നു. കേള്‍ക്കാന്‍ ഇമ്പമുള്ള അഞ്ചു രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയതാണ് പഞ്ചരത്‌ന കീര്‍ത്തനങ്ങള്‍. പ്രസിദ്ധമായ എന്തരോ മഹാനുഭാവുലു എന്ന ശ്രീരാഗകീര്‍ത്തനം പഞ്ചരത്‌നത്തില്‍ ഉള്‍പ്പെടുന്നു. 50ലധികം പേര്‍ പങ്കെടുത്തു. ഉഷാ ഈശ്വര്‍ ഭട്ട്, മനോജ് പയ്യന്നൂര്‍, കെ.വി.എസ്.ബാബു കോഴിക്കോട്, പ്രഭാകര്‍ കുഞ്ജാര്‍, ഗണരാജ് കാര്‍ലെ, ബല്‍രാജ് കാസര്‍കോട്, എസ്. നവനീത് കൃഷ്ണന്‍, മൃദംഗവിദ്വാന്‍ കെ.വി. പ്രസാദ്, പി.വി.രാജന്‍,വെള്ളിക്കോത്ത് രാജീവ് ഗോപാല്‍ എന്നിവര്‍നേതൃത്വംനല്‍കി.
