കാഞ്ഞങ്ങാട് : മലബാറിന്റെ ലോക കപ്പാണ് എസ് എഫ് എ അംഗീകൃത അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റുകള്‍ . മലബാറിലെ ഫുട്‌ബോള്‍ പ്രേമികളുടെ ആവേശം അല തല്ലുന്ന സെവന്‍സ് ഗ്യാലറികള്‍ ഇതിനകം തന്നെ ലോകം തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട് . ഫുടബോളിനെ ഏറെ സ്‌നേഹിക്കുന്ന മലബാറിലെ ഫുട്‌ബോള്‍ കമ്പം പ്രമേയമാക്കി ഇതിനകം തന്നെ നിരവധി സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട് . കേരളത്തില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് നടന്നു കയറിയ പത്മശ്രീ ഐ എം വിജയനും , ജോപോള്‍ അഞ്ചേരിയും , എം സുരേഷുമൊക്കെ ഒരു കാലത്ത് സെവന്‍സ് കളിക്കളങ്ങള്‍ അടക്കി ഭരിച്ചവരാണ് . മത്സരത്തിന്റെ വീറും വാശിയും കൊണ്ട് നാഷണല്‍ ലെവലില്‍ വരെ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരുന്ന സെവന്‍സ് ടൂര്‍ണമെന്റുകള്‍ ഇപ്പോള്‍ സംഘടകത്വം കൊണ്ടും ചര്‍ച്ചയാവുകയാണ് .
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അടക്കമുള്ള ഇന്ത്യയിലെ മുഖ്യധാരാ ഫുട്‌ബോള്‍ ലീഗുകളില്‍ പോലും സംഘാടകര്‍ക്ക് നടപ്പിലാക്കാന്‍ സാധിക്കാത്ത വാര്‍ വീഡിയോ അസിസ്റ്റന്റ് റഫറീ സംവിധാനം നടപ്പിലാക്കി കൊണ്ടാണ് എസ് എഫ് എ ഇന്ത്യന്‍ ഫുട്‌ബോളില്‍ വിപ്ലവം തീര്‍ത്തിരിക്കുന്നത് . ഈ വാര്‍ വിപ്ലവത്തിന് പിന്നിലെ ബുദ്ധി കേന്ദ്രമാവട്ടെ റിയാസ് അമലടുക്കം നേതൃത്വം കൊടുക്കുന്ന മലബാര്‍ സ്‌പോര്‍ട്‌സ് എന്ന മീഡിയ കമ്പനിയാണ് . ആദ്യമായി ഈ സീസണില്‍ വാര്‍ നടപ്പിലാക്കിയത് തൃക്കരിപ്പൂരില്‍ ടൗണ്‍ ടീമ് നടത്തിയ സെവന്‍സ് ടൂര്ണമെന്റിലാണ് .നിരവധി ക്യാമറകള്‍ ഗ്യാലറിയുടെ പല ഭാഗത്ത് സ്ഥാപിച്ച് പ്രത്യേകം ഡിസൈന്‍ ചെയ്ത സോഫ്ട്‌വെയറിന്റെ സഹായത്തോടു കൂടിയാണ് വളരെ കൃത്യതയോടും വേഗത്തിലും ഇവര്‍ വാര്‍ നടപ്പിലാക്കുന്നത് . കളിയുടെ ഇടയില്‍ സങ്കീര്‍ണ്ണമായ നിമിഷങ്ങളില്‍ ഗോള്‍ നേടുകയും എതിര്‍ ടീമ് വീഡിയോ പരിശോധിക്കാന്‍ അപ്പീല്‍ ചെയ്യുകയും ചെയ്യുമ്പോഴാണ് മെയിന്‍ റഫറി വീഡിയോയുടെ സഹായം തേടുക . തുടര്‍ന്ന് റഫറി ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വാര്‍ റൂമിലേക്ക് വരികയും വീഡിയോയുടെ നിരവധി ആംഗിളുകള്‍ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യും . സാധാരണ ഗതിയില്‍ മിനിട്ടുകള്‍ക്കകം തന്നെ റഫറി തീരുമാനം എടുക്കുകയും ചെയ്യും . വാര്‍ സംവിധാനം റഫറിമാരെ സംബന്ധിച്ചിടത്തോളം വലിയ സഹായമാണെന്നും മാച്ചിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കി സെവന്‍സ് ടൂര്‍ണമെന്റുകളുടെ സുഗമമായ നടത്തിപ്പിന് വാര്‍ അനിവാര്യമാണെന്നും റഫറി അസോസിയേഷന്‍ പ്രതിനിധി റഹ്‌മാന്‍ പള്ളിക്കര പറഞ്ഞു .
സോഫ്ട്‌വെയര്‍ എഞ്ചിനീയറും മാധ്യമ പ്രവര്‍ത്തകനുമായ റിയാസ് അമലടുക്കത്തിന്റെ ചിന്തയില്‍ വിരിഞ്ഞ ഒരു ആശയമാണ് ഇന്റര്‍നാഷണല്‍ മാച്ചുകളില്‍ ഉപയോഗിക്കുന്ന വാര്‍ സംവിധാനം എന്ത് കൊണ്ട് കേരളത്തിലും നടപ്പിലാക്കി കൂട എന്നുള്ളത് . തുടര്‍ന്ന് നടത്തിയ നിരവധി ട്രയലുകളില്‍ കൂടിയാണ് ഇപ്പോള്‍ കുറ്റമറ്റ രീതിയില്‍ വാര്‍ സംവിധാനം നടപ്പിലാക്കി കൊണ്ടിരിക്കുന്നത് . സെവന്‍സ് ഫുട്‌ബോളിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഇന്റര്‍നാഷണല്‍ സ്‌റേഡിയങ്ങളില്‍ സ്ഥാപിക്കുന്നത് പോലുള്ള കൂറ്റന്‍ എല്‍ ഇ ഡി സ്‌ക്രീനുകള്‍ സെവന്‍സ് ഗ്രൗണ്ടിന്റെ അവിഭാജ്യ ഘടകമാക്കിയതിനു പിന്നിലും മലബാര്‍ സ്‌പോര്‍ട്‌സ് തന്നെയാണ് . സോഫ്ട്‌വെയര്‍ എഞ്ചിനീയറായ അനീഷ് , ഇബ്രാഹിം , ശശികുമാര്‍ , അബ്ദുള്ള , അസ്നഫ് തുടങ്ങിയവരാണ് മറ്റു അംഗങ്ങള്‍ . ഇന്ത്യയില്‍ ഉടനീളം സര്‍വ്വീസ് ലഭ്യമായ മലബാര്‍ സ്‌പോര്‍ട്‌സിന്റെ ബുക്കിങ്ങിനായി 8893397420 എന്ന നമ്പറില്‍ബന്ധപ്പെടുക.
