കരിന്തളം: കേന്ദ്ര ഗ്രാമ വികസന വകുപ്പ് പ്രധാന മന്ത്രി ഗ്രാമ സഡക് യോജന ഫണ്ട് ഉപയോഗിച്ച് ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന ചായ്യോത്ത് കാഞ്ഞിരപ്പൊയില്‍ റോഡില്‍ മലപ്പച്ചേരി വരെയുള്ള നാല് കിലോമീറ്റര്‍ റോഡ് നിര്‍മ്മാണ ധവര്ത്തി അനിശ്ചിതത്വത്തില്‍ . ആധുനിക രീതിയിലുള്ള റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ച് രണ്ടാഴ്ചയിലേറെയായിട്ടും പ്രവര്‍ത്തി പൂര്‍ത്തിയാവാതെ തന്നെ നിര്‍മ്മാണ പ്രവര്‍ത്തി പാതിവഴിയില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇതുമൂലം പൊടിപടലങ്ങള്‍ സഹിച്ച് ദിവസങ്ങള്‍ തള്ളിനീക്കുകയാണ് നാട്ടുകാരും ചായ്യോത്ത് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും പ്രദേശത്തെ ഡ്രൈവര്‍മാരും.
നിലവിലെ റോഡ് ഇളക്കിയെടുത്ത് മണ്ണ്, സിമന്റ്, കെമിക്കല്‍ ഉള്‍പ്പെടെയുള്ള മിശ്രിതം ഉപയോഗിച്ച് റോഡ് ലെവല്‍ ചെയ്ത് വച്ചിരിക്കുകയാണ്. ഇതിലൂടെയുള്ള വാഹനഗതാഗതം ആദ്യം നിരോധിച്ചിരുന്നുവെങ്കിലും നിര്‍മ്മാണ നിലച്ചതിനാല്‍ വാഹനങ്ങള്‍ ഇതിലൂടെ തന്നെ കടത്തിവിടുകയും ചെയ്തതോടെയാണ് നാട്ടുകാരുടെ ദുരിതം ഇരട്ടിച്ചത്. കെമിക്കല്‍ ഉള്‍പ്പെടെയുള്ള പൊടികള്‍ ശ്വസിച്ച് നിരവധി വിദ്യാര്‍ത്ഥികളും നാട്ടുകാരും ആണ് ദിവസേന ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ആധുനിക റോഡ് എന്നത് നാട്ടുകാരുടെ എക്കാലത്തെയും സ്വപ്നമായിരുന്നു.ഈ ദുരിതം കാണുമ്പോള്‍ പഴയ പൊട്ടിപ്പൊളിഞ്ഞ റോഡ് തന്നെ മതിയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതേ നില തുടര്‍ന്നാല്‍ മാസങ്ങള്‍ കഴിഞ്ഞാലും റോഡ് പണി പൂര്‍ത്തിയാവില്ല എന്ന ആശങ്കയിലാണ് നാട്ടുകാര്‍. അങ്ങനെയെങ്കില്‍ ഇവിടുന്ന് താമസം മാറേണ്ടി വരുമെന്നും ഇവര്‍ പറയുന്നു..ഇപ്പോള്‍ തന്നെ അലര്‍ജി ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളാല്‍ നിരവധി വിദ്യാര്‍ത്ഥികളാണ് സ്കൂളിലേക്ക് വരാതിരിക്കുന്നത്. കരാറുകാരന്റെ നേതൃത്വത്തില്‍ റോഡില്‍ വെള്ളം തളിക്കുന്നുണ്ടെങ്കിലും അത് വേണ്ട രീതിയില്‍ ഫലം കിട്ടുന്നില്ല.അതിനിടെ റോഡ് പണി അടുത്ത ചൊവ്വാഴ്ച ആരംഭിക്കുമെന്നും പണി തുടങ്ങിയാല്‍ 10 ദിവസം കൊണ്ട് ടാറിങ് പൂര്‍ത്തീകരിക്കുമെന്നും റോഡ് നിര്‍മ്മാണ സൂപ്പര്‍വൈസര്‍ പ്രദീപ് പറഞ്ഞു. പൊടിപാറാതെയിരിക്കുവാന് വെള്ളം ഒഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണ്ണമായും തകര്‍ന്ന് കാല് നടയാത്ര പോലും ദുസഹമായ ചായ്യോത്ത് – കാഞ്ഞിരപൊയില്‍ റോഡിലൂടെയുള്ള ജനങ്ങളുടെ ദുരിതങ്ങള്‍ വിവരിച്ച് നിരന്തരം ജനങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു.
തുടര്‍ന്നാണ് രണ്ടാഴ്ച മുമ്പ് റോഡ്പണിആരംഭിച്ചത്.
