മെട്രോ കപ്പില്‍ മറഡോണയാവാന്‍ ശ്രമിച്ച് ഹസ്സന്‍ ജൂനിയര്‍ ; കയ്യോടെ പൊക്കി ക്യാമറ കണ്ണുകള്‍ ; കള്ളക്കളി ഇനി നടപ്പാവില്ല മോനേ , വാറുണ്ട് , ജാഗ്രതൈ !

കാഞ്ഞങ്ങാട് : അഖിലേന്ത്യ സെവന്‍സില്‍ ഉദ്ഘാടന മത്സരം മുതല്‍ സജീവ ചര്‍ച്ചയായി മാറിയിരിക്കുകയാണ് മെട്രോ കപ്പിന്റെ രണ്ടാം എഡിഷന്‍ . കെട്ടിലും മട്ടിലും ആധുനിക സാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് ഇത്തവണ ടൂര്‍ണമെന്റ് നടത്തപ്പെടുന്നത് . അതില്‍ പ്രധാനമാണ് വാര്‍ സിസ്റ്റം . ഇന്ത്യയില്‍ തന്നെ അഖിലേന്ത്യ സെവന്‍സില്‍ ഇത് രണ്ടാം തവണയാണ് വാര്‍ സിസ്റ്റം ഉപയോഗിക്കപ്പെടുന്നത് . കാസറഗോഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ സ്‌പോര്‍ട്‌സ് ടീമാണ് വാര്‍ കൈകാര്യം ചെയ്യുന്നത് . ആദ്യ ഘട്ടത്തില്‍ എല്ലാവരും സംശയത്തോടെ നോക്കി കണ്ട വാര്‍ സിസ്റ്റം ഇപ്പോള്‍ എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു . കളിക്കാര്‍ ഗ്രൗണ്ടില്‍ പല തരത്തിലുള്ള അടവുകള്‍ പുറത്തെടുക്കുമെങ്കിലും പലപ്പോഴും അത് റഫറിമാരുടെയും കണ്ണില്‍ പെടാതെ പോവുകയും മത്സരത്തിന്റെ വിധി പോലും മാറ്റി മറിക്കുന്ന തരത്തിലേക്ക് അത് മാറുകയും ചെയ്യാറുണ്ട് . അതില്‍ എല്ലാവരും ഓര്‍ത്തു വെക്കുന്ന ഒരു ഗോളാണ് ലോക കപ്പിലെ ദൈവത്തിന്റെ കൈ കൊണ്ട് അര്‍ജന്റീനന്‍ ഇതിഹാസ താരം ഡീഗോ മറഡോണ അടിച്ച വിവാദം ഗോള്‍ .എന്നാല്‍ ഇന്നലെ മെട്രോ കപ്പില്‍ നടന്നതും സമാന സംഭവമാണ് . റോയല്‍ സ്റ്റാര്‍ മുട്ടുംതലയ്ക്ക് വേണ്ടി ഇറങ്ങിയ കെ എം ജി മാവൂരിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ ഹസ്സന്‍ ജൂനിയറും അത്തരമൊരു മറഡോണയാവാന്‍ ശ്രമിച്ചു . പക്ഷെ ഇത്തവണ ഹസ്സനെ ക്യാമറ കണ്ണുകള്‍ കുടുക്കി . കോര്‍ണര്‍ കിക്കിലൂടെ ബോക്‌സിലേക്ക് പറന്നിറങ്ങിയ പന്തിനെ വലയിലാക്കാന്‍ ഹെഡറിലൂടെ ശ്രമിക്കുന്നതിനിടയില്‍ ദിശ മാറിയ പന്തിനെ കൈ കൊണ്ട് താലോലിച്ചാണ് വലയിലാക്കിയത് . കളിക്കാര്‍ ഗോള്‍ ആഘോഷിക്കുകയും ചെയ്തു . പക്ഷെ സെവന്‍സ് ഇപ്പോള്‍ പഴയ സെവന്‍സല്ല എന്ന് മനസ്സിലാക്കാന്‍ ഹസ്സനും കൂട്ടാളികള്‍ക്കും കൂടുതല്‍ സമയം വേണ്ടി വന്നില്ല . എതിര്‍ കളിക്കാര്‍ വാറിന് അപ്പീല്‍ ചെയ്തു . റഫറി നേരെ വാര്‍ റൂമിലേക്ക് ഓടി . ശ്വാസം അടക്കിപ്പിടിച്ചു ആറായിരത്തോളം കാണികളും . രണ്ട് മിനുട്ട് സമയം . വാര്‍ മീഡിയ ടീമിന്റെ സഹായത്തോടെ റഫറിമാര്‍ വീഡിയോ പരിശോധിച്ചു . ഹസ്സന്റെ കള്ളത്തരം കയ്യോടെ പൊക്കി . റഫറി ഹാന്‍ഡ്ബാള്‍ വിധിച്ചു . ഇതൊക്കെ കണ്ടു നിന്ന സെവന്‍സ് ഫുടബോളിന്റെ ആരാധക വൃന്ദം ഒറ്റ സ്വരത്തില്‍പറഞ്ഞു.

error: Content is protected !!