കേണമംഗലം കഴകം പെരുങ്കളിയാട്ടം : കവുങ്ങും മുളയും ഭക്ത്യാദരപൂര്‍വം ക്ഷേത്രത്തിലെത്തിച്ചു

നീലേശ്വരം: പള്ളിക്കര ശ്രീ കേണമംഗലം കഴകം മാര്‍ച്ച് 4 മുതല്‍ 9 വരെ നടക്കുന്ന പെരുംകളിയാട്ടത്തിന്റെ അവസാനദിവസം തിരുവരങ്ങിലെത്തുന്ന കേണമംഗലം ഭഗവതിയുടെ തിരുമുടിക്കുള്ള കവുങ്ങ് കല്ല്യോട്ട് കഴകത്തില്‍ നിന്നും മുള മുളവന്നൂര്‍ കഴകത്തില്‍ നിന്നും ആചാരനുഷ്ടാനങ്ങളോടെ ഭക്ത്യാദരപൂര്‍വം മുറിച്ചെടുത്തു ഭൂമി സ്പര്‍ശമേ ല്ക്കാതെ വാല്യക്കാര്‍ ചുമലിലേറ്റി കേണമംഗലo കഴകത്തില്‍ എത്തിച്ചു. വഴിയരികില്‍ വിവിധ ക്ഷേത്രങ്ങളുടെയും പള്ളികളുടെയും നേതൃത്വത്തില്‍ പാനീയങ്ങളും ലഘു ഭക്ഷണങ്ങളും നല്‍കി സ്വീകരിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. കല്ല്യോട്ട് കഴകം ഭഗവതി ക്ഷേത്രത്തിലെ ആചാരസ്ഥാനികരുടേയും ക്ഷേത്ര വാല്യക്കാരുടെയും മേല്‍നോട്ടത്തില്‍ ക്ഷേത്ര അങ്കണത്തില്‍ നിന്ന് രാവിലെ 6.58നും 7.05 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ മുറിച്ചെടുത്ത കവുങ്ങ് കല്ല്യോട്ട് ക്ഷേത്രനടയില്‍ എത്തിക്കുകയും അതേസമയം മുളവന്നൂര്‍ ക്ഷേത്രത്തിലെത്തി ആചാര സ്ഥാനികരുടെ സാന്നിധ്യത്തില്‍ ക്ഷേത്രവാല്യക്കാരുടെ സഹായത്തോടെ മുറിച്ചെടുത്ത മുള ചുമലിലേറ്റി കല്ല്യോട്ട് ക്ഷേത്രത്തിലെത്തിക്കുകയും ചെയ്തു . തുടര്‍ന്നു വിവിധ ക്ഷേത്രങ്ങളില്‍ നിന്നെത്തി ച്ചേര്‍ന്ന ആചാര സ്ഥാനികരുടെയും ക്ഷേത്രഭാരവാഹികളുടെയും നേതൃത്വത്തില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഇരുന്നൂറില്‍പരം വാല്യക്കാര്‍ കവുങ്ങും മുളയും ചുമലിലേറ്റി ഘോഷയാത്രയായി കേണമംഗലം കഴകത്തിലെത്തിച്ചു.

error: Content is protected !!